തിരുവനന്തപുരം: ടിക്കറ്റ് എടുക്കാൻ നൽകിയ തുകയുടെ ബാക്കി നൽകാതെ വിദ്യാർത്ഥിനിയെ കെഎസ്ആർടിസി ബസിൽ നിന്നിറക്കി വിട്ട കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകും. വിദ്യാർത്ഥിനിയെ അപമാനിച്ച് ബസിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയിൽ കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിലെ താത്കാലിക കണ്ടക്ടറെ സർവീസിൽ നിന്ന് മാറ്റിനിറുത്തിയേക്കും.
പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ടനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. നെടുമങ്ങാട് സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസുകാരി രാവിലെ 6.45ന് ആട്ടുകാൽ ജംഗ്ഷനിൽ നിന്ന് നെടുമങ്ങാട് ഡിപ്പോയിലെ ആർ.എസ്.കെ 244 നമ്പർ ബസിൽ കയറി. ടിക്കറ്റിനായി കൈയിൽ ആകെയുണ്ടായിരുന്ന 100 രൂപയുടെ നോട്ട് കൊടുത്തു.18 രൂപയുടെ ടിക്കറ്റ് കൊടുത്തശേഷം കണ്ടക്ടർ ബാക്കി പിന്നെ നൽകാമെന്നു പറഞ്ഞു. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ വണ്ടിയെത്തുന്നതിനിടയിൽ രണ്ടുതവണ കുട്ടി ചോദിച്ചിട്ടും ബാലൻസ് നൽകിയില്ലെന്നു മാത്രമല്ല, മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് ദേഷ്യപ്പെടുകയും കുട്ടിയെ അപമാനിച്ചു ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു.വിദ്യാർത്ഥിനിക്ക് നൽകേണ്ട ബാക്കി തുക അധിക തുകയായി കണ്ടക്ടർ ഡിപ്പോയിൽ അടച്ചിരുന്നുവെന്നാണ് വിവരം.
പെൺകുട്ടിയും പിതാവും നെടുമങ്ങാട് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടക്ടറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇയാൾ പൊലീസ് സ്റ്റേഷനിൽ വച്ച് വിദ്യാർത്ഥിയോടും പിതാവിനോടും മാപ്പ് അപേക്ഷിച്ചതോടെ ഇവർ സംഭവം ഒത്തുതീർപ്പാക്കി പരാതി പിൻവലിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |