അബുദാബി: രണ്ട് പതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനൊടുവിൽ പ്രവാസി മലയാളിയെ ഭാഗ്യദേവത കടാക്ഷിച്ചു. അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ നറുക്കെടുപ്പിലാണ് മലയാളിയായ എബിസൺ ജേക്കബിന് സമ്മാനമടിച്ചത്. 150,000 ദിർഹമാണ് കൈയിലെത്തുക.
അൽ ഐനിൽ ഒരു കൺസ്ട്രക്ഷൻ ഫീൽഡ് സർവേയറായ 46 കാരനായ ജേക്കബ് 2004 മുതൽ യുഎഇയിൽ താമസിച്ചുവരികയാണ്. കഴിഞ്ഞ ഇരുപത് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുമായിരുന്നു.
പതിനൊന്ന് സർപ്രവർത്തകർക്കൊപ്പമാണ് 204700 എന്ന ടിക്കറ്റെടുത്തത്. ജൂലായ് മൂന്നിനാണ് നറുക്കെടുപ്പെന്നായിരുന്നു എബിസൺ വിചാരിച്ചിരുന്നത്. പ്രതിവാര നറുക്കെടുപ്പ് തീയതിയും ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പും തമ്മിൽ മാറിപ്പോകുകയായിരുന്നു.
സമ്മാനം ലഭിച്ചതായി അവതാരകനായ റിച്ചാർഡ് പ്രഖ്യാപിച്ചു. തുടർന്ന് ഇക്കാര്യം അറിയിക്കാൻ എബിസണ് കോൾ ചെയ്തു. എന്നാൽ ആരോ പറ്റിക്കുകയാണെന്നായിരുന്നു അദ്ദേഹം ആദ്യം കരുതിയത്. 'ശരിക്കും? തമാശ പറയുകയാണോ? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ജൂലായ് മൂന്നിനാണ് നറുക്കെടുപ്പ്,'- എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. 'കോൾ വന്നപ്പോൾ, അതൊരു തട്ടിപ്പാണെന്ന് ഞാൻ കരുതി, ഇത്രയും നാളായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമ്മാനമടിക്കുമെന്ന് കരുതിയില്ല'- അദ്ദേഹം പറഞ്ഞു.
'എന്ത് പറയണമെന്നെനിക്കറിയില്ല. നന്ദി. ശ്രമിച്ചുകൊണ്ടിരിക്കുകയെന്നാണ് നിങ്ങളോട് എനിക്ക് പറയാനുള്ളത്. ഏത് ദിവസമാണ് നിങ്ങളുടെ ഭാഗ്യമായി മാറുന്നതെന്ന് പറയാനാകില്ല. ഒരു ദിവസം, നിങ്ങൾ തീർച്ചയായും വിജയിക്കും.'- എന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |