കാട്ടാക്കട : കാർ അപകടത്തിൽ മരിച്ചതായി പൊലീസ് കണക്കാക്കിയ പത്താം ക്ളാസ് വിദ്യാർത്ഥി ആദിശേഖറിന്റെ മരണം
കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന സി.സി.ടി.വി.ദൃശ്യങ്ങൾ പുറത്തായി. നിറുത്തിയിട്ടിരുന്ന കാർ, കുട്ടി സൈക്കിളിൽ കയറവേ മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്ത്തി ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിരുവനന്തപുരം നഗരത്തിൽ ഫ്ളാറ്റിൽ താമസിക്കുന്ന പ്രവാസിയായ പ്രിയരഞ്ജൻ ഓണ അവധിക്ക് നാട്ടിൽ വന്നതും കൊലപാതകശേഷം മുങ്ങിയതും സംശയം വർദ്ധിപ്പിച്ചിരുന്നു. ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) ജില്ല സെക്രട്ടറി പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ.അരുൺകുമാറിന്റെയും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഐ.ബി.ഷീബയുടെയും ഇളയ മകൻ ആദിശേഖറാണ് (14) കഴിഞ്ഞ 30ന് വൈകിട്ട് 6.30യോടെ പൂവച്ചൽ പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിനടുത്തുവച്ച് കാർ ഇടിച്ചു മരിച്ചത്. അപകടം ബോധപൂർവം സൃഷ്ടിച്ചതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥിരീകരിച്ചു.
കാട്ടാക്കട ചിന്മയ വിദ്യാലയത്തിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ് ആദിശേഖർ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ സംശയം ഉന്നയിച്ചതോടെ അപകടമരണമായി പരിഗണിച്ച കേസ് നരഹത്യയ്ക്ക് 304-ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതി പൂവച്ചൽ ഭൂമികയിൽ പ്രിയരഞ്ജനെ പൊലീസ് പിടികൂടിയിട്ടില്ല. പ്രതിക്ക് മുൻകൂർ ജാമ്യം എടുക്കാനുള്ള സൗകര്യം ഒരുക്കുന്നുവെന്നും ആക്ഷേപമുണ്ട്.
കൊലയ്ക്കു കാരണം?
മരിച്ച ആദി ശേഖറിന്റെ അകന്ന ബന്ധുവാണ് പ്രിയരഞ്ജൻ. ക്ഷേത്രത്തിനു സമീപത്തിരുന്ന് പ്രിയരഞ്ജൻ മദ്യപിക്കുന്നതും ക്ഷേത്രമതിലിൽ മൂത്രമൊഴിക്കുന്നതും ചോദ്യം ചെയ്തതാണത്രേ കുട്ടിയോടുള്ള പകയ്ക്ക് കാരണം.
ആദിശേഖർ സൈക്കിളിൽ കയറവേ പിന്നിലൂടെ വന്ന് ഇലക്ട്രിക് കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്.
പുളിങ്കോട് ക്ഷേത്രത്തിലെ നിത്യ സന്ദർശകനായിരുന്നു ആദിശേഖർ.
കാർ കാട്ടാക്കട ഉപേക്ഷിച്ചു
ദുബായിൽ ടാറ്റൂ സെന്റർ നടത്തുന്ന പ്രതിയുടെ ഭാര്യ സംഭവം നടന്നതിന്റെ പിറ്റേദിവസം നാട്ടിലെത്തിയിരുന്നു. കുട്ടിയെ കാർ ഇടിച്ചിട്ടശേഷം പ്രിയരഞ്ജൻ മൊബൈൽ ഫോൺ ഓഫാക്കി. കാർ കാട്ടാക്കട ഉപേക്ഷിച്ചു. കാറിന്റെ താക്കോൽ പിന്നീട് ഭാര്യ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രിയരഞ്ജനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലെ യഥാർത്ഥ ചിത്രം പുറത്തുവരൂ. ഇയാൾക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് സഹായമെത്തുന്നതായും സൂചനയുണ്ട്.ഭാര്യ അയയ്ക്കുന്ന തുകയ്ക്ക് മദ്യപിച്ച് കറങ്ങിനടക്കുന്നതാണ് പ്രിയരഞ്ജന്റെ രീതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |