തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽബോർഡ് റിപ്പോർട്ട്. മയോകാർഡിയൽ ഇൻഫാർക്ഷനാണ് (ഹൃദയാഘാതം) മരണകാരണം. പക്ഷേ, അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നു ക്രൈംബ്രാഞ്ചിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
കഴുത്തിലും വയറ്റിലുമുള്ള പരിക്കുകൾ മരണ കാരണമല്ല. ഇൻസുലിന്റെ അളവ് താഴ്ന്നതിനെ തുടർന്ന് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോയതാകാം. ഒരുപക്ഷേ, ആത്മഹത്യയുമാകാം.
രണ്ടിനുമുള്ള സാദ്ധ്യത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രക്തത്തിൽ പഞ്ചസാര ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് നേരത്തെ അഞ്ച് തവണ ബോധരഹിതയായിട്ടുണ്ട്. അന്നെല്ലാം കൂടെയുള്ളവർ ആശുപത്രിയിലെത്തിച്ചാണ് ജീവൻ രക്ഷിച്ചത്. ഇക്കുറി സമീപത്ത് ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് രോഗംമൂലമാകാം മരണമെന്ന് സൂചിപ്പിച്ചത്.
ഇൻസുലിന്റെയും വിഷാദരോഗത്തിനുള്ള മരുന്നിന്റെയും അമിത ഉപയോഗമാണ് ആത്മഹത്യയാകാമെന്ന് പറയാൻ കാരണം. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് നയന ഗൂഗിളിൽ തെരഞ്ഞത് ഈ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഫോറൻസിക് വിദഗ്ധൻ ഡോ. ഗുജറാളാണ് വിശദമായ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
കൊലപാതകം അല്ലെന്ന് ഉറപ്പിച്ചതിനാൽ, അക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ലെനിൻ രാജേന്ദ്രന്റെ ശിഷ്യയായിരുന്ന നയന സൂര്യനെ 2019 ഏപ്രിലിലാണ് തിരുവനന്തപുരത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടത്. സ്വാഭാവിക മരണമെന്നു കരുതിയെങ്കിലും,പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ, കൊലപാതകമെന്ന ആക്ഷേപമുയർന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി രൂപീകരിച്ച മെഡിക്കൽബോർഡാണ് കൊലപാതക സാദ്ധ്യത പൂർണമായി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |