ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ പുരുഷ സിംഗിൾസിൽ സെർബ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ചും റഷ്യൻ താരം ഡാനിൽ മെദ്‌വദേവും തമ്മിൽ ഏറ്റുമുട്ടും. സെമിയിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ കാർലോസ് അൽകരാസിനെ കീഴടക്കിയാണ് മെദ്‌വദേവ് ഫൈനലുറപ്പിച്ചത്. നാല് സെറ്റ് നീണ്ടപോരാട്ടത്തിൽ 7-6,6-1,3-6,6-3നാണ് 2021ലെ യു.എസ് ഓപ്പൺ ചാമ്പ്യനായ മെദ്‌വദേവിന്റെ വിജയം. കഴിഞ്ഞ വിംബിൾഡൺ സെമിയിൽ തന്നെ കീഴടക്കിയ അൽകരാസിനോടുള്ള മധുര പ്രതികാരം കൂടിയായി മെദ്‌വദേവിന് ഈ ജയം.
24-ാം ഗ്ലാൻസ്ലാമിനരികെ
24-ാം ഗ്ലാൻസ്ലാമെന്ന ചരിത്ര നേട്ടത്തിനരികെയാണ് ജോക്കോവിച്ച് എത്തിയിരിക്കുന്നത്.സെമിയിൽ അമേരിക്കൻ യുവ താരം ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. സ്കോർ: 6-3,6-2,7-6. ജോക്കോയുടെ പത്താം യു.എസ് ഓപ്പൺ ഫൈനൽ പ്രവേശനമാണിത്. 23 ഗ്ലാൻസ്ലാമുകൾ സ്വന്തമാക്കി കഴിഞ്ഞ ജോക്കോയ്ക്ക് ഇത്തവണ യു.എസ് ചാമ്പ്യനായാൽ മാർഗരറ്റ് കോർട്ടിനൊപ്പം ഏറ്റവും കൂടുതൽ ഗ്ലാൻസ്ലാമുകൾ നേടിയ താരമായി മാറും. യു.എസ് ഓപ്പൺ പുരുഷ സിംഗ്ൾസ് കിരീടം നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കാഡും 36കാരനായ ജോക്കോയെ കാത്തിരിക്കുന്നുണ്ട്. 2021ലെ ഫൈനലിൽ ജോക്കോയെ തോൽപ്പിച്ചാണ് മെദ്‌വദേവ് കരിയറിലെ കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയത്.
ലൈവ്: നാളെ പുലർച്ചെ 1.30മുതൽ സോണി ടെൻ ചാനലുകളിലും സോണിലിവിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |