ന്യൂഡൽഹി: ചൈനയുടെ പങ്കാളിത്തത്തിലുള്ള ബൃഹത്ത് പദ്ധതിയായ ബെൽറ്റ് ആന്റ് റോഡ് നിക്ഷേപക ഉടമ്പടിയിൽ നിന്ന് ഇറ്റലി പിന്മാറിയേക്കും. ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയ്ക്കിടയിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇത് സംബന്ധിച്ച ചർച്ച നടത്തിയതായാണ് വിവരം.
പദ്ധതി ഉപേക്ഷിക്കുന്ന കാര്യത്തിൽ പ്രാഥമിക സൂചനകൾ മാത്രമാണ് ജോർജിയ നൽകിയത് എന്നാണ് റിപ്പോർട്ട്. നൂറിലധികം രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ചൈനീസ് പരമാധികാരി ഷി ജിൻപിങിന്റെ വൻകിട വാണിജ്യ നയതന്ത്ര പദ്ധതിയായാണ് ബെൽറ്റ് ആന്റ് റോഡ് ഉടമ്പടി. 2013-ൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയിൽ 2019-ലാണ് ഇറ്റലി ഭാഗമാകുന്നത്. അമേരിക്കയുമായുള്ള ബന്ധം സുഗമമായി തന്നെ നിലനിർത്താനാണ് ഇറ്റലിയുടെ പിന്മാറ്റം എന്നാണ് വിവരം.
ഷി ജിൻപിങിന്റെ കീഴിലുള്ള ചൈനയെ ഒറ്റയടിക്ക് പിണക്കിയാൽ അത് വാണിജ്യ-നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇറ്റലി ഭയക്കുന്നു. അതിനാലാണ് ഔദ്യോഗികമായി പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് മുൻപായി ഇതുസംബന്ധിച്ച സൂചനകൾ ഇറ്റാലിയൻ പ്രധാനമന്ത്രി നൽകിയത് എന്നാണ് വിലയിരുത്തൽ. സമവായത്തോടെ ഉടമ്പടിയിൽ നിന്ന് പിന്മാറാനായി ജോർജി മെലോണി ചൈനയിൽ നേരിട്ടെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ- ഗൾഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച അതേ ജി20 വേദിയിലാണ് ബെൽറ്റ് ആന്റ് റോഡ് പദ്ധതിയിൽ നിന്ന് ഇറ്റലിയുടെ പിന്മാറ്റത്തോടെ ചൈന തിരിച്ചടി നേരിട്ടത് എന്നതും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |