ന്യൂഡൽഹി: ജനനരേഖയും പൗരത്വരേഖയും അടിസ്ഥാനമാക്കി ബീഹാറിൽ വോട്ടർ പട്ടിക പുതുക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ചോദ്യം ചെയ്‌ത് തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും മറ്റുസംസ്ഥാനങ്ങളിൽ നടപ്പാക്കാൻ അനുവദിക്കരുതെന്നും തൃണമൂൽ കോൺഗ്രസിനായി ഹർജി നൽകിയ പശ്‌ചിമ ബംഗാൾ എം.പി മഹുവ മൊയ്‌ത്ര ആവശ്യപ്പെട്ടു. നടപടിയിലൂടെ യോഗ്യരായ വോട്ടർമാർ പുറത്താകുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ദുർബലപ്പെടുമെന്നും ഹർജിയിൽ പറയുന്നു.
ആധാർ, റേഷൻ കാർഡ് തുടങ്ങിയ പൊതുവായി അംഗീകരിക്കപ്പെട്ട തിരിച്ചറിയൽ രേഖകൾ സ്വീകാര്യമായ രേഖകളുടെ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാക്കിയതിനെയും മഹുവ ചോദ്യം ചെയ്യുന്നു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും സമാന ആശങ്കകൾ ഹർജിയിൽ ഉന്നയിക്കുന്നു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്ന സംഘടനയും (പി.യു.സി.എൽ), തിരഞ്ഞെടുപ്പ് വിശകലന വിദഗ്‌ദ്ധൻ യോഗേന്ദ്ര സിംഗ് യാദവും നടപടികൾ ചോദ്യം ചെയ്‌ത് ഹർജി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |