കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ മകൻ ജെയിൻ രാജിനെതിരെ സിപിഎമ്മും രംഗത്ത്. സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പാനൂർ ബ്ലോക്ക് സെക്രട്ടറിയുമായ കിരൺ കരുണാകരനെതിരായ ആരോപണത്തെ തുടർന്നാണ് ആദ്യം ഡിവൈഎഫ്‌ഐ ബ്ലോക്ക്, ജില്ലാ കമ്മിറ്റികളും പിന്നാലെ പാർട്ടിയും രംഗത്തെത്തിയത്. കിരണനിനെതിരെയുള്ള പോസ്റ്റുകൾ അനവസരത്തിലും പ്രസ്ഥാനത്തിന് അപകീർത്തികരവുമാണെന്ന് സിപിഎം പാനൂർ ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ജെയിൻ രാജിന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം.
സമൂഹമാദ്ധ്യമങ്ങളിൽ ഇടപെടുമ്പോൾ സഭ്യമല്ലാത്ത ഭാഷകൾ ഉപയോഗിക്കാൻ പാടില്ല. കിരണിന്റെ ഫേസ്‌ബുക്ക് കമന്റിൽ ഒരു വർഷം മുമ്പേ വന്നുചേർന്ന തെറ്റായ പരാമർശം അപ്പോൾ തന്നെ ശ്രദ്ധയിൽപ്പെടുകയും തെറ്റ് തിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത് വീണ്ടും കുത്തിപ്പൊക്കിയത് ശരിയായ പ്രവണതയല്ല. വ്യകിതപരമായ പോരായ്‌മകൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികൾക്ക് പ്രസ്ഥാനത്തെ താറടിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് തികച്ചും അപലപനീയമാണ്. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ 'അലക്കുന്നതിനായി' സന്ദർഭങ്ങളും സാഹചര്യങ്ങളും പരാമർശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്നും പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം കിരണിനെതിരെ മോശം ഭാഷയിൽ ജെയിൻ രാജിന്റെ കമന്റുണ്ടായിരുന്നു. പിന്നീട് അർജുൻ ആയങ്കിയുടെ വിവാഹത്തിന്റെ ഫോട്ടോ പങ്കുവച്ച് സ്വർണക്കടത്ത് കേസിൽ പങ്കുള്ള ഒരാൾക്കൊപ്പമാണ് കിരൺ ഇതിൽ പങ്കെടുത്തതെന്നും കുറിപ്പിട്ടു. ഇതിനുശേഷമാണ് സംഘടന പ്രസ്താവനയുമായി എത്തിയത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ഈ പ്രസ്താവന പങ്കുവച്ചപ്പോൾ പരിഹസിക്കുന്ന മോശം കമന്റുമായി ജെയിൻ രാജ് എത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |