അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ എയർ ഫോഴ്സ് വൺ, ഋഷി സുനകിന്റെ ആർഎഎഫ് ജെറ്റും ഹെലികോപ്റ്ററും. ലോകത്തെ പ്രമുഖ നേതാക്കളുടെ യാത്രകളെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ വിമാനങ്ങളെ കുറിച്ചാണ്. എന്നാൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ വ്യത്യസ്തമാക്കുന്നത് അദ്ദേഹം യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത് ട്രെയിനുകളെയാണ് എന്നതാണ്.
എത്ര മണിക്കൂർ യാത്രയായാലും എത്ര ദൂരത്തേക്കായാലും അദ്ദേഹം ട്രെയിനിനെയാണ് കൂടുതൽ ആശ്രയിക്കാറുള്ളത്. ഇപ്പോഴിതാ റഷ്യ സന്ദർശനത്തിനും അദ്ദേഹം ട്രെയിൻ തിരഞ്ഞെടുത്തതോടെ ട്രെയിനിന്റെ പ്രത്യേകളെ കുറിച്ചാണ് വിദേശ മാദ്ധ്യമങ്ങളിൽ അടക്കം ചർച്ച ചെയ്യുന്നത്. കിം ജോങ് ഉന്നിന്റെ ആഡംബര ട്രെയിനിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയാം.
കൊവിഡിന് ശേഷമുള്ള ആദ്യ വിദേശ യാത്ര
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ഉത്തര കൊറിയ തങ്ങളുടെ അതിർത്തി അടച്ചത് വലിയ വാർത്തയായിരുന്നു. ഈ സമയങ്ങളിൽ പുറത്തുനിന്നുള്ള ആർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് കിം രാജ്യം വിട്ട് പുറത്തേക്ക് പോകുന്നതെന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. രണ്ടാം തവണയാണ് കിം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നത്. 2019 ഏപ്രിലിലും കിം പുടിനെ കാണാൻ റഷ്യയിൽ എത്തിയിരുന്നു.
വിമാനയാത്ര ഭയക്കുന്നുവോ?
കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലും യാത്രകൾക്കായി ട്രെയിനുകളെയാണ് കൂടുതൽ ആശ്രയിച്ചത്. പിതാവ് വിമാന യാത്രകൾ ഭയന്നിരുന്നു. അദ്ദേഹത്തിന്റെ കൺമുന്നിൽ വച്ചായിരുന്നു വിമാനം പരിശീലന പറക്കലിനിടെ പൊട്ടിത്തെറിച്ചത്. ഇതോടെയാണ് പിതാവ് യാത്ര ട്രെയിനിലേക്ക് മാറ്റിയത്. കിമ്മിന് വിമാന യാത്ര ചെയ്യാൻ ഭയമാണോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഇതേ കുറിച്ച് അദ്ദേഹം എവിടെയും പ്രതികരിച്ചിട്ടില്ല. 2018ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂരിലേക്കും അതേ വർഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൈനയിലേക്കും കിം വിമാനത്തിലായിരുന്നു എത്തിയത്.
ആഡംബരവും സുരക്ഷയും നിറഞ്ഞ തീവണ്ടി
അതീവ സുരക്ഷ കവചം എർപ്പെടുത്തിയ ട്രെയിനിൽ ആഡംബരത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. ലോകത്തെ വമ്പൻ രാജ്യങ്ങളിലെ ബുള്ളറ്റ് ട്രെയിനുകൾ മണിക്കൂറിൽ 200 മുതൽ 300 കിലോ മീറ്റർ വരെ വേഗത കൈവരിക്കുമ്പോൾ കിമ്മിന്റെ ട്രെയിൻ വെറും 59 കിലോ മീറ്റർ വേഗതയിൽ മാത്രമാണ് സഞ്ചരിക്കുക. അതിൽ കൂടുതൽ വേഗത കൈവരിക്കാൻ ഈ ട്രെയിനിന് സാധിക്കില്ല. പച്ച നിറത്തിലുള്ള ഈ ട്രെയിനിൽ 100ൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരാണ് കിം യാത്ര ചെയ്യുമ്പോഴുണ്ടാകുക.
ഒരു ബുള്ളറ്റ് പോലും അകത്തേക്ക് പ്രവേശിക്കില്ല
ട്രെയിനിൽ മുഴുവനായും ബുള്ളറ്റ് പ്രൂഫ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ലെതറിൽ നിർമ്മിച്ച സോഫ സെറ്റുകൾ, കോണഫറൻസ് ഹാളുകൾ അടക്കം വിമാനത്തെ വെല്ലുന്ന ആഡംബര സംവിധാനങ്ങൾ ട്രെയിനിലുണ്ടെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തേക്കാൾ കൂടുതൽ സുരക്ഷ നൽകാൻ ട്രെയിനുകൾക്ക് സാധിക്കുമെന്നാണ് കിം വിശ്വസിക്കുന്നത്. കിമ്മിന്റെ ട്രെയിനിനെ കൂടാതെ സുരക്ഷയ്ക്കായി മറ്റ് രണ്ട് ട്രെയിനുകൾ കൂടിയുണ്ട്. ആദ്യത്തെ ട്രെയിൻ മുമ്പിൽ സഞ്ചരിച്ച് ട്രാക്കുകളുടെ സുരക്ഷ അടക്കം പരിശോധിക്കും. ആവശ്യമുള്ള സുരക്ഷ ജീവനക്കാരെയും വഹിച്ച് രണ്ടാമത്തെ ട്രെയിൻ പിന്നാലെ വരും.
ഓരോ സ്‌റ്റേഷനുകളിലും സുരക്ഷ
ട്രെയിൻ കടന്നു പോകുന്ന ഓരോ സ്‌റ്റേഷനുകളിലും 100ൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ എല്ലാവിധ സജ്ജീകരണങ്ങളുമുള്ള യുദ്ധവിമാനവും ഹെലികോപ്റ്ററും ട്രെയിനിന് അകമ്പടിയായി പോകും.
മടുപ്പ് മാറ്റാൻ നർത്തകിമാരുടെ സംഘം
കിമ്മിന്റെ പല യാത്രകളും മണിക്കൂറുകളോളം നീളും, ചില യാത്രകൾക്ക് ഒന്നും രണ്ടും ദിവസങ്ങൾ വേണ്ടിവരും. അതുകൊണ്ട് തന്നെ യാത്രയിലെ മടുപ്പ് മാറ്റാൻ കിമ്മിനായി വിനോദ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്. മടുപ്പ് തോന്നുന്ന സമയങ്ങൾ ആനന്ദകരമാക്കാൻ യുവതികൾ അടങ്ങുന്ന നർത്തക സംഘം ട്രെയിനിലുണ്ട്. ഇവരെ ലേഡി കണ്ടക്ടർമാർ എന്നാണ് വിളിക്കുന്നത്. എന്തിനും തയ്യാറായി ഇവർ എപ്പോഴും കിമ്മിന്റെ കൂടെയുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ റഷ്യൻ, ചൈനീസ്, ജാപ്പനീസ്, ഫ്രഞ്ച് ഭക്ഷണങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ച ഷെഫുമാരുടെ സംഘവും ട്രെയിനിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |