വടക്കാഞ്ചേരി: കനത്ത മഴയെത്തുടർന്ന് വടക്കാഞ്ചേരി അകമലയിൽ റെയിൽപ്പാളത്തിന്റെ സംരക്ഷണഭിത്തി തകർന്നു. ഷൊർണൂർ- തൃശൂർ റൂട്ടിൽ (തെക്കോട്ട്) മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാത്രി 9.30ഓടെ പുനഃസ്ഥാപിച്ചു. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി. കൃത്യസമയത്ത് വിവരമറിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ മുതൽ തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനുകളിൽ അസാധാരണമായ കുലുക്കം അനുഭവപ്പെടുന്നത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വൈകിട്ട് മൂന്നരയ്ക്കുശേഷം ജനശതാബ്ദി കടന്നുപോയതോടെ ഇത് രൂക്ഷമായി. തുടർന്ന് ലോക്കോ പൈലറ്റ് വടക്കാഞ്ചേരി സ്റ്റേഷനിൽ വിവരമറിയിച്ചു. സംരക്ഷണഭിത്തി ഇടിഞ്ഞ് പാളത്തിലെ മെറ്റലും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒലിച്ചുപോയ നിലയിലായിരുന്നു. കോൺക്രീറ്റ് സ്ലീപ്പറുകൾ ഭൂമിയുമായുള്ള ബന്ധം വേർപെട്ട നിലയിൽ കണ്ടെത്തി. വിദഗ്ദ്ധസംഘം പാളത്തിൽ നടത്തിയ പരിശോധനയിലാണ് അകമല ധർമ്മശാസ്താ ക്ഷേത്രത്തിനും മേൽപ്പാലത്തിനും ഇടയിൽ അതീവ ഗുരുതര സ്ഥിതിവിശേഷം കണ്ടെത്തിയത്.
തുടർന്ന് നാലരയോടെ ട്രെയിൻ ഗതാഗതം പൂർണമായും നിറുത്തി. വടക്കോട്ടുള്ള ട്രെയിൻ ഗതാഗതം സുഗമമായി നടന്നു. ഷൊർണൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ദീർഘദൂര യാത്രികരുടെ ദുരിതം പരിഹരിക്കാൻ വൈകിട്ട് ഏഴോടെ വന്ദേഭാരത് ട്രെയിൻ തൃശൂർ ഷൊർണൂർ റൂട്ടിലൂടെ കടത്തിവിട്ടു.
ലോകമാന്യതിലക്- കൊച്ചുവേളി എക്സ്പ്രസ് (12201), നിലമ്പൂർ റോഡ്- കോട്ടയം എക്സ്പ്രസ് (16325), മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് (20633), പാലക്കാട്- പുനലൂർ പാലരുവി എക്സ്പ്രസ് (19792) എന്നീ ട്രെയിനുകളാണ് വൈകിയത്. തൃശൂരിൽനിന്ന് വൈകിട്ട് 5.30ന് ഷൊർണൂരിലേക്കു പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ വൈകിട്ട് ഏഴരയ്ക്കും ഷൊർണൂർനിന്ന് തൃശൂരിലേക്കു രാത്രി 10.10ന് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ 29ന് പുലർച്ചെ 1.10നുമാണ് യാത്ര ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |