കൊച്ചി: ബി ജെ പി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10ഓടെയായിരുന്നു അന്ത്യം.
ബി ജെ പി മുൻ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. ദീർഘകാലം ബി ജെ പി എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1988 -95 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു. 2006 മുതൽ പാർട്ടിയിൽ നിന്ന് അകന്നുനിന്ന അദ്ദേഹം വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത്.
1946 ഡിസംബർ ഒൻപതിന് കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹൈസ്‌ക്കൂൾ പഠനകാലത്ത് ആർ എസ് എസിൽ ആകൃഷ്ടനായ അദ്ദേഹം, 1965ൽ കണ്ണൂർ ജില്ലയിലെ പ്രചാരകനായി. ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായും, തൃശൂർ ജില്ലാ പ്രചാരകനായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് 21 മാസം ജയിലിൽ കിടന്നിട്ടുണ്ട്. കേരളം, പോണ്ടിച്ചേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബർ എന്നിവടങ്ങളിൽ മേഖലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |