തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇ ഡിയുടെ റിമാൻഡ് റിപ്പോർട്ട് മാത്യു കുഴൽനാടൻ എംഎൽഎ വായിച്ചതിന് പിന്നാലെ സഭയിൽ നാടകീയ രംഗങ്ങൾ. കേരള സഹകരണ സംഘം ബില്ലിന്റെ ചർച്ചയ്ക്കിടയിലാണ് എംഎൽഎ ഭരണപക്ഷത്തിന്റെയും സ്പീക്കറുടെയും എതിർപ്പ് അവഗണിച്ച് റിമാൻഡ് റിപ്പോർട്ട് വായിച്ചത്. തുടർന്ന് സ്പീക്കറും മാത്യു കുഴൽനാടനും തമ്മിൽ വാഗ്വാദത്തിലേർപ്പെട്ടു. പിന്നാലെ തന്നെ സ്പീക്കർ എംഎൽഎയുടെ മൈക്ക് ഓഫാക്കുകയായിരുന്നു.
കേന്ദ്ര അന്വേഷണ ഏജൻസിയുടെ റിമാൻഡ് റിപ്പോർട്ട് മാത്യു കുഴൽനാടൻ സഭയിൽ വായിക്കാനാരംഭിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഭയിൽ മുൻപ് ചർച്ച ചെയ്തതാണെന്നും ബില്ലിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും സ്പീക്കർ കുഴൽനാടന് താക്കീത് നൽകി. റിമാൻഡ് റിപ്പോർട്ട് സംബന്ധിച്ച ഭാഗം നിയമസഭാ രേഖകളിൽ നിന്ന് ഒഴിവാക്കുമെന്നും സ്പീക്കർ തുടർന്ന് പറഞ്ഞു. സ്പീക്കറുടെ താക്കീത് അവഗണിച്ച് കുഴൽനാടൻ വായന തുടർന്നതോടെ പ്രാക്ടീസിംഗ് ലോയറല്ലെ മിനിമം മര്യാദ കാണിക്കണമെന്നും തുടർന്നാൽ മൈക്ക് ഓഫ് ചെയ്യുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. പിന്നാലെ തർക്കം രൂക്ഷമാവുകയും സ്പീക്കർ മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്യുകയുമായിരുന്നു. പ്രസ്തുത ഭാഗങ്ങൾ സഭാ ടിവിയിൽ നിന്നും നീക്കം ചെയ്തു.
അതേസമയം സ്പീക്കറും മാത്യു കുഴൽനാടനും തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ കെ കെ രമ എംഎൽഎ രൂക്ഷമായി പ്രതികരിച്ചിരുന്നു. നരേന്ദ്രമോദിയുടെ സഭയിലാണോ ഇരിക്കുന്നത് എന്ന് തോന്നിപ്പോയെന്നായിരുന്നു കെ കെ രമ സഭയിൽ പറഞ്ഞത്. സ്പീക്കർ രൂക്ഷമായാണ് പ്രതികരിച്ചതെന്നും അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിനാണെന്നും അവർ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |