ന്യൂയോർക്ക് : മത്സരിക്കാനുള്ള ഉയർന്ന പ്രായപരിധി നീക്കിയെന്ന ചരിത്ര പ്രഖ്യാപനവുമായി മിസ് യൂണിവേഴ്സ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് സംഘാടകരായ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. ന്യൂയോർക്ക് ഫാഷൻ വീക്കിനിടെ നടന്ന ഷോയിൽ 2022ലെ മിസ് യൂണിവേഴ്സായ ആർബോണി ഗബ്രിയേലാണ് പ്രഖ്യാപനം നടത്തിയത്. 2024 മുതൽ മാറ്റം ഔദ്യോഗികമായി നടപ്പാക്കും. ഇതുവരെ 28 വയസായിരുന്നു മിസ് യൂണിവേഴ്സിൽ മത്സരിക്കാനുള്ള ഉയർന്ന പ്രായപരിധി. മിസ് യൂണിവേഴ്സ് കിരീടം ചൂടുന്ന ഏറ്റവും പ്രായംകൂടിയ മത്സരാർത്ഥിയായ ആർബോണിക്ക് നിലവിൽ 29 വയസുണ്ട്. മിസ് യു.എസ്.എ പട്ടം നേടിയ ആർബോണി ഈ നേട്ടം കൈവരിച്ച ആദ്യ ഫിലിപ്പീനോ - അമേരിക്കൻ വംശജയാണ്. വിധികർത്താക്കളുടെ ചോദ്യത്തിനിടെ മത്സരാർത്ഥികളുടെ പ്രായപരിധി ഉയർത്തണമെന്ന അഭിപ്രായം ആർബോണി മുന്നോട്ട് വച്ചിരുന്നു. വിവാഹിതരെയും അമ്മമാരെയും മത്സരിക്കാൻ അനുവദിച്ച് കൊണ്ടുള്ള മാറ്റം മിസ് യൂണിവേഴ്സ് മുമ്പ് നടപ്പാക്കിയിരുന്നു. ഇനി മുതൽ പതിനെട്ടും അതിന് മുകളിലും പ്രായമുള്ള ഏത് സ്ത്രീകൾക്കും മത്സരിക്കാം.
തായ് ട്രാൻസ്ജെന്റർ അവകാശ പ്രവർത്തക ആൻ ജാക്കഫോംഗ് ജാക്രജുതാടിപ്പിന്റെ ഉടമസ്ഥതയിലുള്ള മീഡിയ ഡിസ്ട്രിബ്യൂഷൻ കമ്പനി ജെ.കെ.എൻ ഗ്ലോബൽ ഗ്രൂപ്പ് കഴിഞ്ഞ ഒക്ടോബറിൽ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ 20 മില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |