കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലിരുന്ന് മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുളള ചെറുവണ്ണൂർ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്.
രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണെന്നും സമ്പർക്ക പട്ടികയിലുളളവരുടെ എണ്ണം കൂടുമെന്നും വീണാ ജോർജ് വ്യക്തമാക്കി. നിപ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. മറ്റ് മന്ത്രിമാരായ എ കെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരും ഉണ്ടായിരുന്നു. രോഗിക്കൊപ്പം ആശുപത്രിയിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിപ ബാധിച്ച് ആഗസ്റ്റ് 30ന് ചികിത്സയിലിരുന്ന വ്യക്തി മരിക്കുന്ന സമയത്ത് അദ്ദേഹവും ആശുപത്രിയിൽ ഉണ്ടായിരുന്നെന്ന് മന്ത്രി പറഞ്ഞു.
നിപ ടെസ്റ്റുകൾ കൂടുതൽ നടത്താനുളള സജീകരണങ്ങൾ ഒരുക്കും. പരിശോധനകൾ ജില്ലയിൽ തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു. സമ്പർക്ക പട്ടിക തയ്യാറാക്കാൻ മൊബൈൽ ലൊക്കേഷൻ വരെ ഉപയോഗിക്കും. ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കളക്ടർ തന്നെ നേതൃത്വം നൽകും. പരിശോധനാഫലം നെഗറ്റീവായാലും 21 ദിവസം വരെ ഐസൊലേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. അതിനുശേഷവും പരിശോധന നടത്തുന്നതാണ്.
വവ്വാലുകളെ ഓടിക്കാൻ ശ്രമിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മരിച്ച വ്യക്തി ചികിത്സയിലിരുന്ന സമയത്ത് അതേ ആശുപത്രിയിൽ പോയവർ കോൾ സെന്ററിൽ ബന്ധപ്പെടണമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. അതേസമയം വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് മന്ത്രി പി കെ മുഹമ്മദ് റിയാസ് പറഞ്ഞു. ജാനകി കാട്ടിൽ കാട്ടുപന്നി ചത്ത സംഭവത്തിൽ പരിശോധന നടത്തുന്നതിനായി ഡോ.അരുൺ സക്കറിയക്ക് ചുമതല കൈമാറിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |