SignIn
Kerala Kaumudi Online
Monday, 07 July 2025 2.51 AM IST

ജെൻഡർ വിശേഷവും ഭീമൻരഘു സഖാവും

Increase Font Size Decrease Font Size Print Page
dronar

പെൺശില്പം നൽകി പ്രലോഭിപ്പിക്കരുതെന്ന് നടൻ അലൻസിയർ ലോപ്പസ് പറഞ്ഞിരിക്കുന്നു. ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള ശില്പം അദ്ദേഹം താത്പര്യപ്പെടുന്നു. തൊട്ടുമുന്നിൽ കൈയ്യിലെ പേശീമസിലുകൾ ഉരുട്ടിയുരുട്ടി, എന്തോ ചവച്ചരച്ച് അയവിറക്കിക്കൊണ്ട് സിനിമകളിൽ കാണാറുള്ള നമ്മുടെ ഭീമൻരഘു സഖാവ് ഇരിപ്പുണ്ടായിരുന്നു. രഘു സഖാവിനെ അലൻസിയർ ലോപ്പസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിണറായി സഖാവ് മൈക്കിന് മുന്നിൽ പ്രസംഗിക്കുമ്പോൾ ഭീമൻരഘു സഖാവ് ആ ഇരുന്ന ഇരിപ്പിൽനിന്ന് മാറി സ്റ്റാൻഡ് അപ്പ് അവസ്ഥയിലായിരുന്നു.

അപ്പോഴാണ് അലൻസിയർ ലോപ്പസിന്റെ വലിയ തലയിൽ ആ സ്റ്റാൻഡപ്പിന് പിന്നിലെ അവസ്ഥാന്തരത്തെക്കുറിച്ചുള്ള ചിന്ത ഉടലെടുത്തത്. അലൻസിയർ ലോപ്പസ് നമ്മൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ടുന്ന ആളല്ല. ലോകത്ത് നടക്കുന്ന ജെൻഡർ വിപ്ലവത്തെക്കുറിച്ചെല്ലാം നല്ല ബോദ്ധ്യമുള്ള ആളാണ്. മലയാറ്റൂർ രാമകൃഷ്ണൻ എന്ന എഴുത്തുകാരൻ പണ്ട് സാംസ്കാരിക സെക്രട്ടറിയൊക്കെയായി 'ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം' നടത്തിവന്ന കാലത്ത് ഉണ്ടാക്കിയ കൊടുംപാതകമായിരുന്നു സിനിമാ അവാർഡും അതിന് കൊടുക്കാനുള്ള നാരീശില്പവും. അന്ന് അലൻസിയർ ലോപ്പസ് അതേക്കുറിച്ച് കേട്ടിരുന്നുവെങ്കിൽ തീർച്ചയായും അതിന് തടയിടുമായിരുന്നു.

ലോകത്ത് പത്ത്- പതിനൊന്ന് ജെൻഡറുകൾ ഉണ്ട് എന്ന സത്യം അലൻസിയർ ലോപ്പസിന് അറിയാം. മലയാറ്റൂരിന്റെ കാലത്ത് ഈ ജെൻഡറുകളെല്ലാം കണ്ടുപിടിച്ചിട്ടുണ്ടോ എന്ന് നിശ്ചയമില്ല. അതുകൊണ്ട് ഒരു ജെൻഡർ മാത്രം ശില്പമായി മാറി എന്ന് അലൻസിയർ ലോപ്പസ് ചിന്തിച്ചാൽ അതിനെയും തെറ്റ് പറയാനാവുകയില്ല. അങ്ങനെയും സംഭവിക്കാമല്ലോ. ജെൻഡർ വിപ്ലവമെല്ലാം അന്നുണ്ടായി എന്ന ബോദ്ധ്യം അലൻസിയർ ലോപ്പസിനുണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹം തടഞ്ഞേനെ എന്നുറപ്പാണ്. ഒരു തെരുവുനാടകം കളിച്ചിട്ടെങ്കിലും പ്രതിഷേധിച്ചേനെ.

പുരുഷ ജെൻഡറും സ്ത്രീ ജെൻഡറും മാത്രമല്ല ലോകത്തുള്ളത്. എന്നിട്ടും സ്ത്രീ ജെൻഡർ ശില്പത്തെ കാണിച്ച് അലൻസിയറിനെ പ്രലോഭിപ്പിക്കാൻ ചില കോടാലികൾ ശ്രമിച്ചത് വല്ലാത്ത ചെയ്ത്തായിപ്പോയി. സ്ത്രീ ജെൻഡറായും പുരുഷജെൻഡറായും തോന്നിപ്പിക്കുന്ന ജെൻഡറുണ്ട്. ജനിച്ചത് പുരുഷ ജെൻഡറോ സ്ത്രീ ജെൻഡറോ ആയിട്ടാണെങ്കിലും ജീവിതത്തിൽ അതിന് വിപരീത ജെൻഡറായി നിൽക്കുന്ന ട്രാൻസ്ജെൻഡറുകളുണ്ട്. ഓരോ സമയത്ത് ഓരോ ജെൻഡറായി പ്രവർത്തിക്കാൻ സിദ്ധിയുള്ള ജെൻഡർ ഫ്ലുയിഡുകാരുണ്ട്. ഒരു ജെൻഡറിലുമില്ല എന്ന് പ്രഖ്യാപിച്ച് നടക്കുന്ന 'ഏജെൻഡർ' വിഭാഗക്കാരുണ്ട്. ഒരേസമയം രണ്ട് ജെൻഡറായി പെരുമാറാൻ സിദ്ധിയുള്ള ബൈജെൻഡർ കൂട്ടരുണ്ട്. വടക്കേ അമേരിക്കയിലെ പ്രത്യേക ഗോത്രക്കാരായ കൂട്ടരുണ്ട്. സ്ത്രീയായും പുരുഷനായും പ്രവർത്തിക്കാൻ സാധിക്കുന്നവർ. ഇന്ത്യയിലും പാക്കിസ്ഥാനിലുമൊക്കെയുള്ള 'ഹിജ‌ഡ'കളുണ്ട്. പുരുഷനായി ജനിച്ച് സ്ത്രീജെൻഡറായി ജീവിക്കുന്ന മെക്സിക്കോയിലെ 'സാപോടെക്' വിഭാഗക്കാരുണ്ട്. അതേപോലെതന്നെ, സമോവയിലെയും മറ്റും 'ഫാഫാഫിന്നു'കാരുണ്ട്. ഇത്തരം ജെൻഡർ കൂട്ടരെല്ലാവരും ചേർന്ന് അലൻസിയർ ലോപ്പസിനെ ആകെ കുഴച്ചുമഥിച്ച് മറിച്ച് ഇളക്കി വച്ചിരിക്കുമ്പോഴാണ് അദ്ദേഹം തിരുവന്തോരത്തെ കനകക്കുന്നിനടുത്തെ നിശാഗന്ധിയിൽ ത്രിസന്ധ്യാ നേരത്ത് ഒരു പ്രത്യേക ഭാവത്തിൽ ഭീമൻരഘു സഖാവിനെ കാണാനിടയായത്. ആ കാഴ്ച കാണുന്ന ഏത് ജെൻഡർ ഗവേഷകനെയും മഥിക്കുന്ന വിഷയമായി സുന്ദരീശില്പം മാറാതിരുന്നില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ! ഏതൊരു ഗവേഷകന്റെയും ഉള്ളിലെ വല്ലാത്തൊരു പ്രഹേളികയായിരിക്കും തീർച്ചയായും ഭീമൻരഘു സഖാവിന്റെ ആ നില്പ്.

അവിടെ വച്ച് ആ നേരത്ത്, സുന്ദരീശില്പം ഏറ്റുവാങ്ങുമ്പോൾ അലൻസിയർ ലോപ്പസിന്റെ മാനസികാവസ്ഥയെ തിരിച്ചറിയാതെ വിമർശിക്കുന്നവരോട് ശരിക്കും പറഞ്ഞാൽ ഒരു നല്ല നമസ്കാരം പറയുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.

  

ഭീമൻരഘു സഖാവിന്റെ നിശാഗന്ധിയിലെ ആ ത്രിസന്ധ്യാനേരത്തെ നിൽപ് ലോകത്ത് പല പുതിയ ചർച്ചകൾക്കും വിത്തുപാകിയിരിക്കുകയാണ്. സഖാവ് നിന്നതാണോ, അതോ മേഘങ്ങൾക്കിടയിലൂടെ പറന്നതാണോ എന്ന തരത്തിലും ചർച്ചകൾ പൊടിപൊടിക്കുന്നുണ്ട്.

ഭീമൻരഘു സഖാവ് കുറച്ചുനാളുകൾക്ക് മുമ്പ് പാളയത്തെ ഏകേജി സെന്ററിന് മുന്നിൽനിന്ന് കാട്ടിയ കടുംകൈ ആയിരുന്നു ഇതിന് മുമ്പത്തെ പ്രധാന ചർച്ചാവിഷയം. അന്ന് അദ്ദേഹം അവിടെ വച്ച് തൊണ്ട കീറിപ്പറിയുന്നത് മാതിരി പാടിയത് ബലികുടീരങ്ങളേ എന്ന പാട്ടായിരുന്നു. അന്ന് ആ പാട്ട് കേട്ട് വയലാർ രാമവർമ്മ, ജി. ദേവരാജൻ, കെ.എസ്. ജോർജ് എന്നിവർ സ്വർഗലോകത്ത് മോഹാലസ്യപ്പെട്ട് വീണതായി കിംവദന്തികൾ വരികയുണ്ടായി. മോഹാലസ്യപ്പെട്ട് വീണിടത്ത് നിന്ന് ആരോ വന്ന് മുഖത്ത് വെള്ളം തളിച്ചെങ്കിലും അശരീരി കണക്കെ പെട്ടെന്നുതന്നെ ആ തൊണ്ട കീറിപ്പറിക്കുന്ന സ്വരം ആവർത്തിച്ച് കേൾക്കുകയും മലർന്നടിച്ച് വീണ്ടും വീഴുകയും ചെയ്തുവത്രെ. അതേപ്പിന്നെ അവർ എഴുന്നേറ്റുവോ ഇല്ലയോ എന്ന് ഇതുവരെ സ്വർഗലോകത്ത് നിന്ന് ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേക്കുറിച്ചറിയാൻ ഐ.എസ്.ആർ.ഒക്കാരുടെ ആദിത്യ ഗവേഷണത്തെ ആശ്രയിക്കാനൊരുങ്ങുകയാണ് നാട്ടുകാരിൽ പലരും.

അതിന് ശേഷമുണ്ടായ ഏറ്റവും വലിയ സംഗതിയായിരുന്നു നിശാഗന്ധിയിൽ ഇക്കഴിഞ്ഞ ത്രിസന്ധ്യക്ക് ഭീമൻരഘു സഖാവിന്റെ ഭാവപ്രകടനം. അതിഗംഭീരമായിരുന്നു അതിലെ ഓരോ സംഗതിയും എന്നാണ് പറയുന്നത്. പിണറായി സഖാവ് മൈക്കിന് മുന്നിൽ പ്രസംഗിച്ചുകൊണ്ട് നിൽക്കുന്നതുകണ്ട് മയങ്ങി നിന്നുപോയതാണെന്ന് ഭീമൻരഘു സഖാവ് പറയുമെന്ന് ആരെങ്കിലും കരുതിയാൽ അത് തെറ്റി. കാരണം അതുകൊണ്ടല്ല സഖാവ് അന്നവിടെ നിന്നത്.

ഭീമൻരഘു സഖാവിന് പിണറായി സഖാവിനെ കാണുമ്പോൾ അച്ഛനെപ്പോലെ തോന്നിയത്രെ. പണ്ട് ന.മോ.ജിയെ കണ്ടപ്പോൾ അച്ഛനെപ്പോലെ തോന്നിയത് 'ഭീമൻരഘൂജി'ക്കായിരുന്നു. പിന്നീട് സഖാവായി രൂപാന്തരപ്പെട്ട ശേഷം ന.മോ.ജിയെക്കണ്ട രഘൂജി ഇല്ല. പിണറായി സഖാവിനെക്കണ്ട ഭീമൻരഘു സഖാവേ ഉള്ളൂ.

എഴുപത് വയസ്സുള്ള ഭീമൻരഘു എഴുപത്താറ് വയസ്സുള്ള പിണറായി സഖാവിനെ അച്ഛൻ എന്ന് വിളിക്കുന്നത് കണ്ട പല അച്ഛന്മാരും മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങുന്നതായും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

ഇ-മെയിൽ:dronar.keralakaumudi@gmail.com

TAGS: DRONAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.