മത്സ്യങ്ങളിലെ ചിക്കൻ എന്ന വിളിപ്പേര് തിലാപ്പിയ മത്സ്യത്തിന് വെറുതെ ലഭിച്ചതല്ല. കാരണം അത്രമേൽ പ്രീതി ഈ ശുദ്ധജല മത്സ്യത്തിനുണ്ട്. ആഗോളതലത്തിൽ തന്നെ വിപണിമൂല്യമുള്ളതിനാൽ തിലാപ്പിയ കൃഷി വഴി വരുമാനമുണ്ടാക്കുന്നവരുമുണ്ട്. എന്നാൽ ഏത് തരം മത്സ്യവും ഇറച്ചിയും പോലെ തന്നെ വേണ്ട രീതിയിൽ പാകം ചെയ്ത് കഴിച്ചില്ലെങ്കിൽ തിലാപ്പിയയും ജീവന് ഹാനീകരമായി ഭവിക്കാം.
തിലാപ്പിയ മത്സ്യം കഴിച്ചതിന് പിന്നാലെ കൈകാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം അടുത്തിടെയാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. കാലിഫോർണിയ സ്വദേശിയായ ലോറ ബരാജാസ് എന്ന 40-കാരിയ്ക്കാണ് തിലാപ്പിയ മൂലം ദുർഗതിയുണ്ടായത്. ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ കഴിച്ചത് മൂലം ഗുരുതരാവസ്ഥയിലായ ലോറയെ രക്ഷിക്കാനായുള്ള അവസാന മാർഗമെന്നോണമാണ് ശസ്ത്രക്രിയയിലൂടെ കൈകാലുകൾ മുറിച്ചുമാറ്റിയത്. വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയ ബാധിച്ച തിലോപ്പിയ മത്സ്യം കഴിച്ചത് മൂലമാണ് ലോറയ്ക്ക് രോഗാവസ്ഥയുണ്ടായത്. മത്സ്യങ്ങളിലും കടൽജലത്തിലും അടക്കം കണ്ടുവരുന്ന ബാക്ടീരിയ ആണിത്.
സാൻ ജോസ് പ്രവിശ്യയിലെ ചന്തയിൽ നിന്ന് വാങ്ങിയ തിലോപ്പിയ മത്സ്യം ലോറ സ്വയം പാകം ചെയ്ത് കഴിക്കുകയായിരുന്നു. പിന്നാലെ തന്നെ അവശനിലയിലാവുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. കൈ കാലുകളും ചുണ്ടുമടക്കം കറുത്ത നിറത്തിലാവുകയും വൃക്കകൾ തകരാറിലാവുകയും ചെയ്തു. പിന്നാലെയാണ് കൈകാലുകൾ മുറിച്ചുമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |