ജയ്പൂർ: സഹോദരിയെ പ്രണയിച്ചെന്നാരോപിച്ച് യുവാവും സുഹൃത്തും ചേർന്ന് 16കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബരൻ ജില്ലയിലാണ് സംഭവം. പ്രതികളായ ഫർഹാൻ, സാഹിൽ എന്നിവരെ പൊലീസ് പിടികൂടി.
പെൺകുട്ടിയുടെ വീടിന് സമീപത്തുകൂടെ നടന്നുപോകുന്നതിനിടെയാണ് സഹോദരനായ ഫർഹാനും സുഹൃത്ത് സാഹിലും ചേർന്ന് കൗമാരക്കാരനെ ആക്രമിച്ചത്. ഇതിനിടെ ഫർഹാൻ കുട്ടിയെ കത്തികൊണ്ട് കുത്തി. കുത്തേറ്റ് 16കാരൻ നിലത്തുവീണതോടെ ഇരുവരും സ്ഥലം വിട്ടു. നാട്ടുകാർ ചേർന്ന് ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയിലെ എംബിഎസ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് 16കാരൻ മരിച്ചത്.
ഫർഹാന്റെ സഹോദരിയും മരിച്ച കുട്ടിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. കൗമാരക്കാരൻ പെൺകുട്ടിക്കൊരു ഗിഫ്റ്റ് നൽകിയിരുന്നു. ഇത് കണ്ട ഫർഹാൻ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതാണ് കൊലപാതകത്തിലേയ്‌ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 16കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |