തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ ഭീമമായ തട്ടിപ്പിനെ ഇ.ഡി പുറത്തുകൊണ്ടുവരുമ്പോൾ രാഹുൽ ഗാന്ധിയടക്കമുള്ളവർ ഇ.ഡിക്കു മുന്നിലെത്തിയതുമായി ബന്ധപ്പെടുത്തി നിസ്സാരവത്കരിക്കുന്ന സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്റെ നടപടി കാട്ടുകള്ളൻ എ.സി. മൊയ്തിന് കുടപിടിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.
സോണിയ ഗാന്ധി മൂന്നു തവണയും രാഹുൽ ഗാന്ധി ആറു തവണയും താൻ രണ്ടു തവണയും ഇ.ഡിയുടെ മുന്നിൽ പോയത് തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ നിർഭയമായാണ്.
മൊയ്തീൻ ആദ്യം ഹാജരായത് രണ്ടു തവണ നോട്ടീസ് നല്കിയശേഷമാണ്. വീണ്ടും ഹാജരാകാതെ ഒളിച്ചോടി. 500 കോടിയുടെ കള്ളപ്പണ ഇടപാട്, 500 പവന്റെ സ്വർണ ഇടപാട്, കോടികളുടെ ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, ജീവനക്കാരെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും വഞ്ചിക്കൽ തുടങ്ങി കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ കൊള്ളപ്പണം പങ്കുപറ്റിയവരാണ്.
. രണ്ടു വർഷത്തോളം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് തട്ടിപ്പ് നടത്തിയ സി.പി.എം നേതൃത്വത്തിന് പൂർണ സംരക്ഷണമൊരുക്കി.തട്ടിപ്പ് നടത്തുന്ന സി.പി.എം നേതാക്കൾക്ക് സംരക്ഷണമൊരുക്കലാണോ പൊലീസിന്റെ ചുമതലയെന്ന് മുഖ്യമന്ത്രിയോട് സുധാകരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |