പാലക്കാട്: ഓണം ബമ്പർ ലോട്ടറിയുടെ 25 കോടിയുടെ ഭാഗ്യശാലിക്കായുള്ള കാത്തിരിപ്പിലാണ് കേരളം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. അവസാന മണിക്കൂറുകളിൽ തിരക്കേറിയ വിൽപ്പനയാണ് നടക്കുന്നത്. ഇതിനിടെ പാലക്കാട്ടെ ഒരു ലോട്ടറിക്കടയിൽ മോഷണം നടന്ന വിവരം പുറത്തുവരുന്നുണ്ട്. പാലക്കാട്ടെ മണ്ണാർക്കാട് ചുങ്കത്തുള്ള പി എസ് ലോട്ടറി ഏജൻസിയിലാണ് കള്ളൻ കയറിയത്. ഇന്ന് നറുക്കെടുക്കുന്ന മൂന്ന് ഓണം ബമ്പറുകൾ മോഷണം പോയി. 500രൂപയാണ് ടിക്കറ്റ് വില.
അതേസമയം, ഓണം ബമ്പർ ലോട്ടറി വിൽപ്പന ഇക്കൊല്ലം മറ്റ് വർഷങ്ങളെക്കായി സൂപ്പർ ഹിറ്റാണെന്ന് ഏജൻസികളും ചില്ലറ വിൽപ്പനക്കാരും പറയുന്നു. ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. അവസാന നിമിഷം ലോട്ടറിയെടുക്കുന്നവർക്ക് നറുക്ക് വീഴുമെന്ന വിശ്വാസത്തിൽ അവസാന ലാപ്പിനായി കാത്തിരിക്കുന്നവരുമുണ്ട്. 80 ലക്ഷം ലോട്ടറി അച്ചടിച്ചതിൽ 75 ലക്ഷത്തിലധികം വിറ്റുപോയിക്കഴിഞ്ഞു.
ഒറ്റയ്ക്ക് എടുക്കുന്നവരേക്കാൾ ഗ്രൂപ്പുകളായി ടിക്കറ്റ് എടുക്കുന്നവരാണ് കൂടുതലും. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവർക്ക് ലോട്ടറിയടിച്ചാൽ ജോയിന്റ് അക്കൗണ്ട് തുടങ്ങാം. ഈ അക്കൗണ്ടിലേക്ക് പണം നൽകും. അല്ലെങ്കിൽ സമ്മാനത്തുക വീതംവയ്‌ക്കുന്നത് ലോട്ടറിവകുപ്പിനെ ഏൽപ്പിക്കാം. എങ്ങനെ വീതിക്കണം എന്ന് രേഖാമൂലം അറിയിച്ചാൽ അതനുസരിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം നൽകും. 2019ലെ 12കോടിയുടെ തിരുവോണം ബമ്പർ അടിച്ചത് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |