തിരുവനന്തപുരം: നറുക്കെടുപ്പിന് മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് ജില്ലയിൽ വിറ്റത് 11,70,050 തിരുവോണം ബംബർ ടിക്കറ്റുകൾ. 25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബർ 2023ന്റെ വിൽപനയിൽ പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്. ടിക്കറ്റ് വിൽപനയിലൂടെ 46.80 കോടി രൂപ ലഭിച്ചതായി ജില്ലാ ലോട്ടറി ഓഫീസർ അറിയിച്ചു . ജില്ലാ ലോട്ടറി ഓഫീസിൽ 7,23,300 ടിക്കറ്റുകൾ വിറ്റു. ചിറ്റൂർ, പട്ടാമ്പി സബ് ഓഫീസുകളിൽ യഥാക്രമം 2,09,450, 2,37,300 ഉൾപ്പെടെ 4,46,750 ടിക്കറ്റുമാണ് വിറ്റഴിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. ജൂലായ് 27 മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂരിനേക്കാൾ രണ്ടു ലക്ഷത്തിലധികം ടിക്കറ്റുകൾ ജില്ലയിൽ വിറ്റു. 10 സീരീസുകളിലായി 85 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ആകെ വിപണിയിലെത്തിയത്. അതിൽ 75,76,500 ടിക്കറ്റുകൾ വിൽപന നടത്തി.
ആകെ 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറിൽ നൽകുന്നത്. ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേർക്ക് എന്നിങ്ങനെയാണ് ബംബർ സമ്മാന തുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. 2022ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലായിരുന്നു. സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞപ്പോൾ പാലക്കാട് മാത്രം 10.5 ലക്ഷം വിറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |