
പാലക്കാട്: 21 മണിക്കൂർ നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയിട്ടും ചിറ്റൂരിൽ നിന്ന് ഇന്നലെ കാണാതായ ആറുവയസുകാരൻ സുഹാനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ വീട്ടിൽ നിന്ന് 800 മീറ്റർ അകലെയുള്ള കുളത്തിന്റെ മദ്ധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുളത്തിന്റെ പരിസരത്ത് തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.
എന്നാൽ റോഡിനോട് ചേർന്നുള്ള കുളമാണെങ്കിലും വീടിന്റെ പരിസരത്തുനിന്ന് 800 മീറ്റർ മാറി കുഞ്ഞെത്തില്ലെന്ന് തന്നെയാണ് നാട്ടുകാർ പറയുന്നത്. രാത്രി 12വരെ പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. കുഞ്ഞിന്റെ വീടിനടുത്തുള്ള കുളങ്ങളില്ലെല്ലാം പരിശോധിച്ചിരുന്നെങ്കിലും മൃതദേഹം കിട്ടിയ കുളത്തിൽ പരിശോധന നടത്തിയിരുന്നില്ല. വീട് വിട്ട് പുറത്തുപോകുന്ന കുട്ടിയല്ലാത്തതുകൊണ്ടുതന്നെ ഇത്രയും ദൂരേക്ക് പോകില്ലെന്ന് തന്നെയാണ് എല്ലാവരും പറയുന്നത്.
സിവിൽ ഡിഫൻസ് സംഘവും ഫയർഫോഴ്സും ചേർന്നാണ് കുളത്തിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് ചിറ്റൂർ - തത്തമംഗലം നഗരസഭയുടെ ചെയർമാൻ സുമേഷ് അച്യുതൻ പറയുന്നത്. നടന്നുപോകുമ്പോൾ ഈ കുളത്തിലേക്ക് വീഴാൻ ഒരു സാദ്ധ്യതയുമില്ല. റോഡിനോട് ചേർന്ന് ഒരു കനാലും അതിനപ്പുറം ചെറിയൊരു കരയുമുണ്ട്. ഈ ഭാഗത്തേക്ക് വരാൻ ഒരു ചെറിയ നടപ്പാത മാത്രമാണുള്ളത്.
ഈ കുളത്തിന്റെ 100 മീറ്റർ അപ്പുറത്തുവരെയേ ഇന്നലെ ഡോഗ് സ്ക്വാഡും എത്തിയിരുന്നുള്ളൂ. കുളത്തിലേക്ക് മറിഞ്ഞുവീഴാനുള്ള സാദ്ധ്യതയും നാട്ടുകാർ തള്ളുന്നു. ഇറങ്ങിയാൽ മാത്രമേ വെള്ളത്തിലെത്താനാകുള്ളൂ. ഇന്നലെ വെെകിട്ടും ആളുകൾ ഈ കുളത്തിൽ വന്ന് കുളിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അതെന്നും എന്നാൽ കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചിൽ നടത്തിയതെന്നുമാണ് വിവരം. റോയൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയായ സുഹാന് മുൻപ് അപസ്മാരം ഉണ്ടായിട്ടുള്ളതായാണ് സൂചന. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂളിലെ അദ്ധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് പിതാവ് അനസ് വിദേശത്തുനിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |