തിരുവനന്തപുരം:കേരളത്തിന്റെ വികസനത്തിന് വൻ കുതിപ്പേകാൻ ഒരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ആദ്യഘട്ടം യാഥാർത്ഥ്യമാകാൻ എട്ടുമാസം മാത്രം ശേഷിക്കെ, തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
നിലവിലെ രീതിയിൽ നിർമ്മാണം തുടർന്നാൽ ആദ്യഘട്ടം മേയിൽ പൂർത്തിയാകും. അതോടെ ചരക്കു കപ്പലുകൾ എത്തിത്തുടങ്ങും. ഒരേസമയം രണ്ട് മദർഷിപ്പുകൾ അടുപ്പിക്കാം. മറ്റു ഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ അഞ്ചെണ്ണവും. നാല് ഘട്ടങ്ങളായാണ് നിർമ്മാണം.തുറമുഖത്തിനാവശ്യമായ കൂറ്റൻ ക്രെയിനുകളുമായി ആദ്യ കപ്പൽ ചൈനയിൽ നിന്ന് ഒക്ടോബർ 4ന് എത്തും. ഒക്ടോബർ 28ന് രണ്ടാമത്തേതും. നവംബർ 11നും 14നും മറ്റു കപ്പലുകളും ക്രെയിനുകളുമായി എത്തും.
രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പൽ പാതയോട് ഏറ്റവും അടുത്തുള്ള രാജ്യത്തെ ഏക തുറമുഖവും.18 കിലോമീറ്റർ മാത്രമാണ് അന്താരാഷ്ട്ര കപ്പൽ പാതയിലേക്കുള്ള ദൂരം. മദർഷിപ്പുകളിൽ എത്തുന്ന ചരക്ക് ചെറിയ കപ്പലുകളിലേക്കും തിരിച്ചും കയറ്റി തുടർ സർവീസിന് സൗകര്യമൊരുക്കുന്നതാണ് ട്രാൻസ്ഷിപ്‌മെന്റ് തുറമുഖം.
പ്രവർത്തന സജ്ജമാകുന്നതോടെ സംസ്ഥാനത്തെ വാണിജ്യ, വ്യവസായ മേഖലയ്ക്ക് വൻകുതിപ്പാകും. 2015 ഡിസംബർ 5നാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മാണം തുടങ്ങിയത്. 1000 ദിവസത്തിനകം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കൊവിഡ്, പ്രതികൂല കാലാവസ്ഥ കാരണം നീണ്ടുപോയി.
ഇതുവരെ പൂർത്തിയായത്
ആദ്യഘട്ടത്തിലെ 80%. 800 മീറ്റർ ബർത്തിൽ 400 മീറ്റർ.
2960 മീറ്റർ പുലിമുട്ടിൽ 2400 മീറ്റർ
ഏഴ് ഹെക്ടറിൽ കണ്ടെയ്‌നർ യാർഡ്, പോർട്ട് ഓപ്പറേഷൻ
ബിൽഡിംഗ്, സബ്സ്റ്റേഷൻ, സെക്യൂരിറ്റി ബിൽഡിംഗ്
13 കെട്ടിടങ്ങളിൽ അഞ്ചെണ്ണം. എട്ടെണ്ണം
നിർമ്മാണം പുരോഗമിക്കുന്നു
ചുറ്റുമതിൽ, ക്രെയിൻ ബീം, ദേശീയ പാതയെ
ബന്ധിപ്പിക്കുന്ന റോഡ് 80%
പൂർത്തിയാകാൻ
കണ്ടെയ്‌നറുകളുടെ കയറ്റിറക്കിന് ഏഴ്
സൂപ്പർ പോസ്റ്റ് പനാമാക്‌സ് ക്രെയിൻ സ്ഥാപിക്കണം
യാർഡിലെ കയറ്റിറക്കിന് 30 റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിൻ
ക്രെയിനുകൾക്ക് ചെലവ് 1500 കോടി
ബർത്തിന്റെ നീളം രണ്ടാംഘട്ടത്തിൽ 1200 മീറ്ററും മൂന്നാംഘട്ടത്തിൽ
1600ഉം നാലാംഘട്ടത്തിൽ 2000 മീറ്ററുമാക്കും.
7,550 കോടി
മൊത്തം നിർമ്മാണച്ചെലവ്
പേരും ലോഗോയും
'വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം' എന്നാവും തുറമുഖം ഔദ്യോഗികമായി അറിയപ്പെടുക. കപ്പൽ പോലെ തോന്നിക്കുന്നതും വിഴിഞ്ഞത്തെ സൂചിപ്പിക്കുന്നതുമായ 'വി' എന്ന ഇംഗ്ലീഷ് അക്ഷരമാണ് ലോഗോ.
തുറമുഖത്തിന്റെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ ചാനലും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
''തുറമുഖം യാഥാർത്ഥ്യമാവുന്നതോടെ അന്താരാഷ്ട്ര മറൈൻ ട്രാൻസ്ഷിപ്‌മെന്റ് രംഗത്ത് കേരളത്തിന് അനന്തസാദ്ധ്യതകൾ ഉണ്ടാകും
-മുഖ്യമന്ത്രി പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |