SignIn
Kerala Kaumudi Online
Tuesday, 12 December 2023 12.21 AM IST

കനേഡിയൻ പ്രസിഡന്റ് ഉൾപ്പടെയുള്ളവർ അവരുടെ നാട്ടിൽ സിഖുകാരെ ഭയപ്പെടുന്നതിന് കാരണമെന്തെന്ന് അറിയുമോ?

terrorists

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കഴിഞ്ഞ ജൂണിൽ കാനഡയിൽ കൊല്ലപ്പെട്ടതിനെച്ചൊല്ലി ഇൻഡോ - കനേഡിയൻ ബന്ധം വഷളായത് കാനഡയിലെ ഇന്ത്യൻ സമൂഹത്തിൽ,​ പ്രത്യേകിച്ച് ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിക്കുന്നത് സ്വാഭാവികം. കാനഡയിലെ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ (40 ശതമാനം)​ ഇന്ത്യക്കാരാണ്. ഇക്കൊല്ലത്തെ കണക്കനുസരിച്ച് 3,19,130 പേർ.

കുറേക്കാലമായി മലയാളി വിദ്യാർത്ഥികളുടെ സ്വപ്നഭൂമി കൂടിയാണ് കാനഡ. ലോകത്തു തന്നെ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന രാജ്യവും കാനഡയാണ്! ഇവരുടെ എണ്ണമാകട്ടെ,​ ഓരോ വർഷവും വർദ്ധിക്കുന്നു.

ലോകോത്തര സർവകലാശാലകളും പെർമനന്റ് റസിഡൻസി സ്റ്റാറ്റസും തൊഴിലവസരങ്ങളും സ്കോളർഷിപ്പുകളും ഉൾപ്പെടെ ഒട്ടേറെ സൗകര്യങ്ങളാണ് കാനഡയിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. നാലുകോടി മാത്രം വരുന്ന കനേഡിയൻ ജനസംഖ്യയിൽ 14 ലക്ഷമാണ് ഇന്ത്യക്കാർ. നയതന്ത്രബന്ധം ഉലഞ്ഞതിനു പിന്നാലെ, കാനഡയിൽ ഇന്ത്യാവിരുദ്ധ സംഭവങ്ങൾ അരങ്ങേറിയ സ്ഥലങ്ങളിലേക്ക് പോകരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിലക്ക് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിൽ താമസിക്കുന്ന കനേഡിയൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും ഇന്ത്യയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും കനേഡിയൻ അധികൃതരും നിർദ്ദേശിച്ചിട്ടുണ്ട്.

ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവൻ ഹർദീപ് സിംഗ് നിജ്ജറിനെ കൊന്നതിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതാണ് ബന്ധങ്ങൾ ഉലച്ചത്. ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കുന്നതു വരെയെത്തി കാര്യങ്ങൾ. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയെയാണ് കാനഡ സംശയിക്കുന്നത്. കാനഡയിലെ ഇന്ത്യൻ എംബസിയിലെ റോ ഏജന്റായ പവൻകുമാർ റായിയെയാണ് പുറത്താക്കിയത്. തിരിച്ചടിയായി ന്യൂഡൽഹിയിലെ കനേഡിയൻ ഇന്റലിജൻസിന്റെ മേധാവി ഒലിവിയർ സിൽവസ്റ്ററെ ഇന്ത്യയും പുറത്താക്കി. ഈ വിഷയത്തിൽ അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ കാനഡയെ പിന്തുണച്ചിട്ടില്ല.

സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ - വ്യാപാര ബന്ധത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ ചർച്ച ഗൗരവമുള്ള ചില പ്രശ്നങ്ങളാൽ നിർത്തിവച്ചു എന്നാണ് ഇന്ത്യൻ വ‌ൃത്തങ്ങൾ പറയുന്നത്. അതേസമയം,​ കാനഡയിൽ താമസിക്കുന്ന ഹിന്ദുക്കൾ ഇന്ത്യയിലേക്ക് തിരിച്ചു പോകണമെന്ന് സിഖ് ഫോർ ജസ്റ്റിസ് (എസ്.എഫ്‌.ജെ) സ്ഥാപകനും ഖാലിസ്ഥാനി ഭീകരനുമായ പന്നു ഇന്നലെ വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കി. നിജ്ജറിനെപ്പോലെ പന്നുവും ഇന്ത്യയുടെ ഭീകരലിസ്റ്റിലുള്ളയാളാണ്.

കാനഡയിലെ സിഖ് രാഷ്‌ട്രീയം

കാനഡയിലെ സിഖ് സമൂഹം രാഷ്ട്രീയമായും പ്രബലശക്തിയാണ്. അതുകൊണ്ടുതന്നെ ഭരണകൂടങ്ങൾക്ക് അവരെ അവഗണിക്കാനാവില്ല. എട്ടു ലക്ഷത്തോളം സിഖുകാരുണ്ട്, അവിടെ. ജനസംഖ്യയുടെ 2.1ശതമാനം. ഇവരിൽ 30 ശതമാനവും ജന്മനാ കനേഡിയൻ പൗരന്മാരാണ്. 54 ശതമാനം കുടിയേറ്റക്കാരും.

ഭൂരിപക്ഷത്തിനും വോട്ടവകാശമുണ്ട്. നിരവധി പാർലമെന്റ് മണ്ഡലങ്ങളിൽ അവർ നിർണായക ശക്തിയാണ്. എല്ലാ പാർട്ടികളിലും സിക്കുകാരുണ്ട്. കനേഡിയൻ പാർലമെന്റിന്റെ കീഴ്സഭയിൽ (ഹൗസ് ഒഫ് കോമൺസ് ) 18 സിഖ് എം.പിമാരുണ്ട്. ലിബറൽ പാർട്ടിക്ക് 13. കൺസർവേറ്റിവ് പാർട്ടിക്ക് നാലും ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് (എൻ. ഡി. പി) ഒന്നും. നമ്മുടെ ലോക്സഭയിൽ ആകെ 13 സിഖ് എം. പിമാരേയുള്ളൂ എന്നോർക്കണം!

ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് സിഖുകാരനാണ് - ജഗ്‌മീത് സിംഗ്. ഹൗസ് ഒഫ് കോമൺസിൽ ജഗ്‌മീത് ഉൾപ്പെടെ പാർട്ടിക്ക് 24 എം.പിമാരുമുണ്ട്. എൻ.ഡി.പിയുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി ട്രൂഡോയുടെ ഭരണം. കഴിഞ്ഞ തവണ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിഖ് സമൂഹത്തെ ഒപ്പം നിറുത്തേണ്ടത് ട്രൂഡോയുടെയും ലിബറൽ പാർട്ടിയുടെയും ആവശ്യമാണ്.

നിജ്ജറിന്റെ വധം സിഖ് സമൂഹത്തെ ഞെട്ടിച്ചിരുന്നു. തുടർന്ന് ഇന്ത്യയുമായുള്ള സഹകരണം വിച്ഛേദിക്കാൻ സിഖ് ഗ്രൂപ്പുകളായ ബ്രിട്ടീഷ് കൊളംബിയ ഗുരുദ്വാരാസ് കൗൺസിലും, ഓണ്ടേറിയോ ഗുരുദ്വാരാസ് കമ്മിറ്റിയും കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെടികയും ചെയ്തു. നിജ്ജറിനെ ഇന്ത്യ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നും അവർ ആരോപിച്ചു. ഇന്ത്യ ഭീകരലിസ്റ്റിൽ പെടുത്തിയ നിജ്ജർ എൻ.ഐ.എയുടെ നോട്ടപ്പുള്ളിയായിരുന്നു. ജീവനു ഭീഷണയുണ്ടെന്ന് കനേഡിയൻ അധികൃതർ മൂന്നു തവണ നിജ്ജറിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യാ വിരുദ്ധത കൂടുമ്പോൾ

കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിനെതിരെ ട്രൂഡോ സർക്കാർ ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് ഇന്ത്യയുടെ ആക്ഷേപം. സറേയിലെ ഗുരുദ്വാരയിൽ സിഖ് ഫോർ ജസ്റ്റിസ് (എസ്.എഫ്‌.ജെ) സംഘടിപ്പിച്ച ഇന്ത്യാ വിരുദ്ധ റഫറണ്ടത്തോടും ട്രൂഡോ പ്രതികരിച്ചിരുന്നില്ല. ഖാലിസ്ഥാനി ഭീകരനും എസ്.എഫ്.ജെ സ്ഥാപകനുമായ ഗുർപത്‌വന്ത് സിംഗ് പന്നുവും പങ്കെടുത്ത പരിപാടിയിൽ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.

ജൂൺ ആറിന്,​ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ വാർഷികത്തിൽ ഇന്ദിരാഗാന്ധിയെ വധിക്കുന്ന ദൃശ്യം കാനഡയിൽ ഒരു ടാബ്ലോയിലൂടെ അവതരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് 'ആവിഷ്‌കാര സ്വാതന്ത്ര്യം' എന്നാണ് ട്രൂഡോ പറഞ്ഞത്.

നിജ്ജറിന്റെ വധത്തിനു ശേഷം കാനഡയിൽ ഖാലിസ്ഥാനി അനുകൂലികൾ പ്രചരിപ്പിച്ച ലഘുലേഖയിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ്മ, വാൻകൂർ കോൺസൽ ജനറൽ മനീഷ്, ടൊറന്റോ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരുടെ പേരുകൾ ഉണ്ടായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി ഇന്ത്യയാണെന്നും ആരോപിച്ചിരുന്നു. ഇതിലും ട്രൂഡോ മിണ്ടിയില്ല

ട്രൂഡോയുടെ ഇരട്ടത്താപ്പ്

കാനഡയിൽ ബലൂച് നേതാവിനെ പാക് ചാരസംഘടനയായ ഐ.എസ്.ഐ കൊലപ്പെടുത്തിയപ്പോൾ പാകിസ്ഥാനെ കുറ്റപ്പെടുത്താത്ത ട്രൂഡോയാണ് ഇപ്പോൾ ഇന്ത്യയ്ക്കെതിരെ വാളോങ്ങുന്നത്. ബലൂചിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകയായിരുന്ന കരീമ ബലോച്ച് (37) പാക് സേനയുടെ ഭീഷണിയെ തുടർന്ന് നാടുവിട്ട് കാനഡയിൽ പ്രവാസിയായി കഴിയുകയായിരുന്നു. 2020 ഡിസംബറിൽ ടൊറന്റോയിലെ ഒണ്ടേറിയോ തടാകക്കരയിൽ കരീമയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിൽ പാക് സൈന്യത്തെ സംശയിക്കുന്നതായി കരീമയുടെ ഭർത്താവ് ഹൈദർ ടൊറന്റോ പോലീസിനോട് പറഞ്ഞിരുന്നു. ട്രൂഡോ ഇന്നുവരെ പ്രതികരിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, CANADA, SIKH, INDIA, JUSTIN TRUDO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.