തിരുവനന്തപുരം: സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തർദ്ദേശീയ ഗുണനിലവാര അംഗീകാര സംവിധാനമായ ഐ.എൽ.എ.സിയുടെ ഇന്ത്യൻ ഘടകമായ എൻ.എ.ബി.എല്ലിന്റെ ഐ.എസ്.ഒ അംഗീകാരം. വിവിധ വിഭാഗങ്ങളിലുള്ള 200ലേറെ പരിശോധനകളാണ് നേട്ടത്തിലേക്ക് എത്തിച്ചത്. തിരുവനന്തപുരം പാറ്റൂരിലെ പ്രധാന ലാബും എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക ലാബുകളും ഉൾപ്പെടുന്നതാണ് സംസ്ഥാന കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി.
പൊലീസ്,എക്‌സൈസ്,വനം വകുപ്പുകൾ അന്വേഷണങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തുന്ന സ്ഥാപനമാണിത്. നിശ്ചിത ഫീസടച്ച് പൊതുജനങ്ങൾക്കും പരിശോധനകൾ നടത്താം. ടോക്‌സിക്കോളജി,സീറോളജി,നാർക്കോട്ടിക്‌സ്,എക്‌സൈസ്,ജനറൽ കെമിസ്ട്രി എന്നീ വിഭാഗങ്ങളിലായി 82 ശാസ്ത്രീയ പരിശോധനകളാണ് ഇവിടെ നടത്തുന്നത്. മൂന്നു ലാബുകളിലും ആധുനിക ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങൾ ഒരുക്കിയതും അംഗീകാരത്തിന് കാരണമായി.
2022-23ൽ 33,898 തൊണ്ടി സാധനങ്ങളാണ് ഇവിടെ പരിശോധനയ്ക്കെത്തിയത്. അന്വേഷണങ്ങളിൽ ശാസ്ത്രീയ പരിശോധനകളുടെ പ്രാധാന്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചീഫ് കെമിക്കൽ എക്സാമിനർ രഞ്ജിത്ത്.എൻ.കെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |