ചിറയിൻകീഴ്: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. ദേഹമാസകലം മാരകമായി വെട്ടേറ്റ പെരുങ്ങുഴി ഇടഞ്ഞുംമൂല പുതുവൽവിള വീട്ടിൽ ലെജിൻ (29) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഒമ്പതോടെ പെരുങ്ങുഴി ഇടഞ്ഞുംമൂല റെയിൽവേ ട്രാക്കിന് സമീപമാണ് സംഭവം.
കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ ഇയാൾ ഐ.സി.യുവിലാണ്. ആയുധവുമായെത്തിയ രാജ്സാഗറും സഹോദരൻ രാജ് സംക്രാന്തുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവശേഷം രാജ്സാഗർ ചിറയിൻകീഴ് സ്റ്റേഷനിൽ കീഴടങ്ങിയെന്നാണ് സൂചന. രാജ് സംക്രാന്ത് പൊലീസ് പിടിയിലായതായി വിവരമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ലഹരി മാഫിയയുമായി ബന്ധമുള്ള മൂവരും നിരവധി ക്രമിനൽ കേസുകളിലെ പ്രതികളാണ്.
ഒരേ സംഘത്തിൽപ്പെട്ട ലെജിനും രാജ്സാഗറും ഇക്കഴിഞ്ഞ മേയ് മാസം ഏറ്റുമുട്ടിയ സംഭവത്തിൽ രാജ്സാഗറിന് വെട്ടേറ്റിരുന്നു. അതിന്റെ പകയാണ് ഇപ്പോൾ നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ചിറയിൻകീഴ് എസ്.ഐയെ ആക്രമിച്ച കേസിൽ ജയിൽ വാസം കഴിഞ്ഞ് ഇക്കഴിഞ്ഞ ദിവസമാണ് ലെജിൻ പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |