പ്രതികളെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കുമ്പോൾ പാലിക്കേണ്ട പുതിയ മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ മാർഗരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. ഇതുപ്രകാരം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റും സ്വാധീനത്താലോ അല്ലാതെയോ അക്രമവാസന കാട്ടുന്നവരെ വൈദ്യപരിശോധനയ്ക്കായി ഡോക്ടർമാരുടെയും നിയമ നടപടികൾക്കായി മജിസ്ട്രേറ്റുമാരുടെയും മുന്നിൽ ഹാജരാക്കുമ്പോൾ വിലങ്ങ് അണിയിക്കാമെന്നാണ് പുതിയ മാർഗരേഖയിലെ പ്രധാന നിർദ്ദേശം.
2022 മേയ് ഏഴിന് പ്രസിദ്ധീകരിച്ച മെഡിക്കോ ലീഗൽ പ്രോട്ടോക്കോളിൽ ഇതിന് അനുസൃതമായ ഭേദഗതി കൊണ്ടുവരും. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ കുത്തേറ്റ് ഹൗസ് സർജൻ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കർശന മാർഗരേഖ ഏർപ്പെടുത്തുന്നത്. സംഭവം ഉണ്ടായപ്പോൾത്തന്നെ, അക്രമാസക്തനായ പ്രതിയെ എന്തുകൊണ്ട് വിലങ്ങണിയിക്കാതെ ഹാജരാക്കി എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ വിലങ്ങണിയിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ മറുപടി പറഞ്ഞത്. സംസ്ഥാന ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ പുതിയ മാർഗരേഖ സമഗ്രവും വ്യക്തമായ നിർദ്ദേശങ്ങൾ അടങ്ങുന്നതുമാണ്. ഇനിമുതൽ വൈദ്യപരിശോധന നടക്കുമ്പോഴും കസ്റ്റഡിയിലുള്ള പ്രതിയുടെ സമീപത്തുനിന്ന് പൊലീസുകാർ മാറിനിൽക്കരുത്. സാധുവായ കാരണത്താൽ ഡോക്ടർ നിർദ്ദേശം നൽകിയാൽ മാറിനിൽക്കാം. വൈദ്യപരിശോധനയ്ക്കായി മെഡിക്കൽ ഓഫീസർ ആവശ്യപ്പെടുമ്പോൾ കൈവിലങ്ങ് അഴിച്ചുനൽകുകയും ചെയ്യാം. മുതിർന്ന ഡോക്ടർമാരുണ്ടെങ്കിൽ അവരുടെ മുമ്പിലാണ് പ്രതികളെ ഹാജരാക്കേണ്ടത്. അവരില്ലാത്ത സാഹചര്യത്തിൽ മാത്രമേ ജൂനിയർ ഡോക്ടർമാരെ സമീപിക്കാവൂ. ഓരോ വർഷവും ലഹരി മരുന്നിന്റെ ഉപയോഗവും ഇതുസംബന്ധിച്ച കേസുകളും ഇരട്ടിയായി വർദ്ധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. രാസലഹരി ശീലമാക്കിയ പ്രതികൾ അതു കിട്ടാതെ വരുമ്പോൾ കസ്റ്റഡിയിൽ ഏതു രീതിയിൽ പ്രതികരിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ല. ഇത്തരക്കാരിൽ അക്രമവാസന കാണിക്കാനുള്ള പ്രേരണ വളരെ കൂടുതലായിരിക്കും. അതിനാൽ ആക്രമണ സ്വഭാവമുള്ളവരെന്ന് സംശയം തോന്നുന്നവരുടെ വൈദ്യപരിശോധനയ്ക്ക് കൈവിലങ്ങ് നിർബന്ധമാക്കിയത് ഏതു നിലയിലും സ്വാഗതാർഹമായ നടപടിയാണ്.
ഇതുവരെ പൊലീസുകാർ പ്രതികളെയും കൊണ്ട് ആശുപത്രിയിൽ എത്തുമ്പോഴാകും ഡോക്ടർമാർ അറിയുക. അതിനാൽ ആവശ്യമായ മുൻകരുതലുകളും സെക്യൂരിറ്റി നടപടികളുമൊന്നും സ്വീകരിക്കാനാവുമായിരുന്നില്ല. കൊട്ടാരക്കര സംഭവത്തിന് ഇടയാക്കിയതും ഇത്തരം പിഴവുകളാണ്. അതിനാൽ ഇനിമുതൽ ഡോക്ടർമാരെ മുൻകൂട്ടി അറിയിച്ചിട്ടു മാത്രമേ പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിക്കാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലത്തെ മദ്യപാനം, മദ്യപിച്ച് വാഹനമോടിക്കൽ, കലാപം, അക്രമാസക്തമാകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ ഇനി കൂട്ടത്തോടെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ കഴിയില്ല. കസ്റ്റഡിയിലുള്ള ഒന്നിലധികം പേരെ അത്യാഹിത വിഭാഗത്തിൽ ഹാജരാക്കരുതെന്നും പുതിയ മാർഗരേഖയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |