ശ്രീനഗർ: തീവ്രവാദിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ ജമ്മുകശ്‌മീരിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അറസ്റ്റിൽ. ഭീകരവാദിയെ അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചു എന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഉദ്യോഗസ്ഥനായ ഷെയ്ഖ് ആദിൽ മുഷ്‌താഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അഴിമതി ഉൾപ്പടെ നിരവധി കുറ്റങ്ങളാണ് ഇയാൾക്ക് നേരെയുളളത്. ശ്രീനഗറിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷെയ്ഖിനെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.അറസ്റ്റിലായ ഭീകരരുടെ ഫോൺ കോളുകളുടെ പട്ടികയിൽ ഉദ്യോഗസ്ഥനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുയെന്നും പൊലീസ് കണ്ടെത്തി. ഷെയ്ഖ് ഭീകരവാദികളുമായി ടെലിഗ്രാമിലൂടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഏകദേശം നാൽപതോളം കോളുകൾ പ്രതി നടത്തിയിരുന്നുയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സാങ്കേതിക തെളിവുകളുടെയും പണമിടപാടിന്റെയും അടിസ്ഥാനത്തിൽ ശക്തമായ തരത്തിലുളള കേസാണ് ഷെയ്ഖിനെതിരെ എടുത്തിരിക്കുന്നത് എന്നും പൊലീസ് അറിയിച്ചു. ഭീകരവാദിയിൽ നിന്നും ഷെയ്ഖ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണമിടപാടുകൾ നടത്തുന്നതിനായി ഇയാൾ സോപോറിൽ വ്യാജ പേരിൽ അക്കൗണ്ട് ആരംഭിച്ചിരുന്നു.അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ നിലവിൽ ഭീഷണിപ്പെടുത്തൽ, അനാവശ്യമായി പണം തട്ടൽ തുടങ്ങി നിരവധി പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കി. ഒരു അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റായ കേസിൽ പ്രതി ചേർക്കാനായി ഷെയ്ഖ് മുൻപ് ശ്രമിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഭീകരരുമായി ബന്ധമുണ്ട് എന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലാകുന്ന രണ്ടാമത്തെ കേസാണിത്. 2020ൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരർക്ക് ഡൽഹിയിലേക്ക് രക്ഷപ്പെടാനാവശ്യമായ സഹായം ചെയ്തിരുന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ ദേവീന്ദറും അറസ്റ്റിലായിരുന്നു.
അറസ്റ്റിലായ ഷെയ്ഖിനെതിരെ വിശദമായ അന്വേഷണം നടത്തുന്നതിനായി അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |