തിരുവനന്തപുരം: ശ്രീനാരായണഗുരുദേവ ദർശനം അവഗണിക്കുന്നത് സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 96-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവൻ കൊളുത്തിയ പ്രകാശം പകർന്ന് അദ്ദേഹം ആഗ്രഹിച്ച സമൂഹത്തെ വാർത്തെടുക്കുന്ന യജ്ഞത്തിന്റെ ഭാഗമാണ് ഇത്തരം സമ്മേളനങ്ങൾ. ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് എണ്ണമറ്റ നന്മ ചിന്തകളും വചനങ്ങളുമാണ് നൽകിയത്. വർഗ്ഗീയതയ്ക്കെതിരെ പരിവർത്തനത്തിന്റെയും മതേതരത്വത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശങ്ങളാണ് അദ്ദേഹം നൽകിയത്. പാർശ്വവത്‌കരിക്കപ്പെട്ടവർക്ക് പരിഗണന ലഭിക്കുന്ന ചിന്തകളാണ് ഗുരുദേവന്റേത്. ഭാരതത്തിന്റെ നവോത്ഥാന മണ്ഡലത്തിൽ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചത്തിലൂടെ മുഖ്യധാരയിലേക്ക് ഉയർത്താൻ ഗുരുദേവ സന്ദേശങ്ങൾക്ക് കഴിഞ്ഞെന്നും ആന്റണിരാജു ചൂണ്ടിക്കാട്ടി.
ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യ സമൂഹത്തിന് പ്രാധാന്യം നൽകിയ ഗുരുദേവ സന്ദേശം എക്കാലവും മാർഗദർശിയാണെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആധുനിക കേരളത്തിന്റെ സാമൂഹിക മാറ്റങ്ങൾക്ക് അടിത്തറപാകിയ ഗുരുദേവൻ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സൗമ്യതയോടെ നേരിട്ട സന്യാസി ശ്രേഷ്‌ഠനായിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിൽ മാറ്റവും നന്മയും ഉണ്ടാകൂ എന്ന് ഉദ്ബോധിപ്പിച്ച ഗുരുദേവൻ, അതിനായി പാഠശാലകൾക്കും പഠനത്തിനും പ്രാധാന്യം നൽകി. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ടത് ഗുരുവന്റെ കാഴ്ചപ്പാടുകളായിരുന്നെന്നും മന്ത്രി പറഞ്ഞു.
അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുൻ ഡെപ്യുട്ടി സ്പീക്കർ പാലോട് രവി, കൗൺസിലർ ചെമ്പഴന്തി ഉദയൻ, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ്, സ്വാമി അഭയാനന്ദ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ജോയിന്റ് സെക്രട്ടറി ഷൈജു പവിത്രൻ സ്വാഗതവും ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |