കാട്ടാക്കട: സിംഹ ഗർജ്ജനമൊഴിഞ്ഞ നെയ്യാർ ഡാമിലെ ലയൺ സഫാരി പാർക്ക് വിസ്‌മൃതിയിലേക്ക്. തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലാണ് 1984ൽ ഏഷ്യയിലെ ആദ്യ ലയൺ സഫാരി പാർക്ക് ആരംഭിച്ചത്. സിംഹങ്ങളെല്ലാം ചത്തതോടെ പാർക്ക് പൂട്ടിയിരിക്കുകയാണ്.
നെയ്യാർ വന്യജീവി സങ്കേതത്തിന്റെ അംഗീകാരം സെൻട്രൽ സൂ അതോറിട്ടി ഒഫ് ഇന്ത്യ റദ്ദാക്കിയതും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ അനുമതി ഇല്ലാത്തതും കാരണം ഇനി പാർക്ക് തുറക്കാനാകില്ലെന്ന സ്ഥിതിയിലാണ്. മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ കനിഞ്ഞില്ലെങ്കിൽ ലയൺ സഫാരി പാർക്ക് ഓർമ്മയായി മാറുമെന്നാണ് ആശങ്ക. അംഗീകാരം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയെങ്കിലും അന്തിമതീരുമാനം ലഭിച്ചിട്ടില്ല.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം
-------------------------------------------------
അഗസ്‌ത്യാർകൂട മലനിരകളും നെയ്യാറിലെ ജലാശയ ഓളപ്പരപ്പിലൂടെയുള്ള ബോട്ട് യാത്രകളും വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു. പാർക്കിലൂടെ വാഹനത്തിൽ സഞ്ചരിച്ച് പാർക്കിൽ വിഹരിക്കുന്ന സിംഹങ്ങളെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചിരുന്ന നെയ്യാർ സഫാരി പാർക്കായിരുന്നു പ്രധാന ആകർഷണം. തദ്ദേശിയരും വിദേശികളുമായ ആയിരക്കണക്കിന് സഞ്ചാരികളാണ് നെയ്യാർ ഡാമിലെത്തിയിരുന്നത്. സിംഹങ്ങൾ ഇല്ലാതായതോടെ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
തിരിച്ചടിയായി വന്ധ്യംകരണം
-------------------------------------------------------
18 സിംഹങ്ങളുണ്ടായിരുന്ന പാർക്കിൽ വന്ധ്യംകരണം നടപ്പിലാക്കിയതോടെ പാർക്കിന്റെ ശനിദശയും തുടങ്ങി. പുതിയതായി കൊണ്ടുവന്ന സിംഹങ്ങളും അവശേഷിച്ച ഏക സിംഹമായ ബിന്ദുവും കഴിഞ്ഞ ജൂണിൽ മരിച്ചതോടെ പേരിൽ മാത്രമായി ലയൺ സഫാരി പാർക്ക്.
പാർക്ക് വന്യമൃഗങ്ങളുടെ ചികിത്സാകേന്ദ്രമാക്കാനുള്ള നീക്കം നടന്നത് അടുത്തകാലത്താണ്. എന്നാൽ പാർക്കിനെ സ്നേഹിക്കുന്നവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നടപടി അവസാനിപ്പിച്ചു. പിന്നീട് സിംഹങ്ങളെ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. അനുമതിയില്ലാത്തതാണ് പുതിയ സിംഹങ്ങളെ കൊണ്ടുവരാൻ തടസ്സമെന്നാണ് വനംവകുപ്പ് പറയുന്നത്.
ലയൺ സഫാരി പാർക്ക് ആരംഭിച്ചത് - 1984ൽ
നാൾവഴി
1984ൽ - 4, പിന്നീട് - 18
2005 സിംഹങ്ങൾക്ക് വന്ധ്യംകരണം നടത്തി
2018ൽ - 2 സിംഹങ്ങൾ
2021ൽ അവസാനത്തെ സിംഹം ചത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |