തിരുവനന്തപുരം:മലയാളത്തിന്റെ മധു സാറിന് ഇന്ന് നവതി പുണ്യം. രാവിലെ ഉണരുന്ന ശീലമില്ല. പക്ഷേ ഇന്ന് ആരെങ്കിലുമൊക്കെ വിളിച്ചുണർത്തും.ദേഷ്യം വരും. പിറന്നാൾ ആശംസക്കാരോട് മുഖം കറുപ്പിക്കുന്നതെങ്ങനെ. ചിരിച്ചുകൊണ്ട് നിൽക്കാം... മധു സാർ ചിരിക്കുന്നു.
തൊണ്ണൂറായി. പലരും ചോദിക്കുന്നു എന്തു തോന്നുന്നുവെന്ന് 'കുറച്ചു കൂടിപ്പോയെന്നു തോന്നുന്നു' എന്നാണ് മറുപടി. അഭിനയിച്ച് കൊതി തീർന്നു. ഇനി ഒന്നും ചെയ്യാനില്ല. പക്ഷേ അഭിനയം അവസാനിപ്പിച്ചിട്ടില്ല. എന്റെ പ്രായത്തിനുസരിച്ചുള്ള കഥാപാത്രം വരണം. സ്ക്രിപ്റ്റ് കൊള്ളാമെന്ന് തോന്നിയാൽ അഭിനയിക്കും.
വലിയ ആഘോഷമാണല്ലോ ഇത്തവണ? 'ആര് ആഘോഷിക്കാൻ വന്നാലും ഞാൻ ഈ കസേരിയിൽ ഇരിക്കും. അവർ ആഘോഷിക്കും. ആരേയും വിഷമിപ്പിക്കില്ല'
ഒരോ ദിവസവും അവസാനിക്കുമ്പോഴും അടുത്ത ദിവസം തുടങ്ങുമ്പോഴും സിനിമ കാണും. രാത്രി 10നു തുടങ്ങും. ചിലപ്പോൾ രണ്ട് സിനിമ വരെ കാണും. എന്നിട്ടുറങ്ങും. ഉച്ചയ്ക്കുണരും.
ഇന്നലെ രാത്രി ഏത് സിനിമ കണ്ടു? ഉത്തരം മറു ചോദ്യമായിരുന്നു 'എന്റെ മുഖത്തൊരു ക്ഷീണമുണ്ടോ? ജയിലർ കണ്ടതിന്റെ ക്ഷീണമാണ്!
ഏതുനാട്ടിലാണ് ഇങ്ങനെ അടിയും വെടിയും വെട്ടും കുത്തും?. ഇപ്പോഴത്തെ ജനറേഷന് ഇതൊക്കെ ഇഷ്ടമായിരിക്കും അല്ലേ? കൂടം വച്ച് തലയ്ക്കടിക്കുന്നു. എന്നിട്ട് ആസിഡിലിടുന്നു....'
രജനികാന്തിനെ സമ്മതിക്കണം. ഇപ്പോഴും സ്റ്റൈലായി അഭിനയിക്കുകയല്ലേ, ക്ലാസ് പടമൊന്നും വേണ്ടെന്ന് അയാൾ പറഞ്ഞിട്ടുണ്ട്.
നക്ഷത്രം 'ചോശാഖം'
നടൻ മധുവിന്റെ നക്ഷത്രം ചോതിയാണ്. ജാതക പ്രകാരം 79-ാം വയസിൽ മരണം. അത് സംഭവിച്ചില്ല. ജാതകം എപ്പോഴും ശരിയാവില്ല. ഇപ്പോൾ തന്റെ നക്ഷത്രം മാറി.
ചോതിയുടെ അവസാന വിനാഴികയിലെപ്പോഴോ ആണ് ജനിച്ചത്. വിശാഖം ആയതുമില്ല. ഇപ്പോൾ എന്റെ നക്ഷത്രം ചോദിക്കുന്നവരോട് ഞാൻ 'ചോശാഖം' എന്നാണ പറയാറ്.
''എന്നും എന്റെ സൂപ്പർ സ്റ്റാറാണ് മധു സാർ. ജീവിതത്തിൽ ആദ്യം കണ്ട നടനും അദ്ദേഹമാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ആദ്യം കത്തെഴുതുന്ന നടനും മധു സാറാണ്. പണ്ടേ ഞാൻ സ്വപ്നം കാണുന്ന ആളായിരുന്നു മധുസാർ. നമ്മൾക്ക് ഏറെ അടുപ്പമുള്ളവരെയാണല്ലോ സ്വപ്നം കാണുക.''- മമ്മൂട്ടി
''ഞാൻ സിനിമ കണ്ടു തുടങ്ങുന്ന കാലം മുതൽ സ്ക്രീനിൽ അങ്ങനെ നിറഞ്ഞു നിൽക്കുന്ന മഹാമേരുവാണു മധു സാർ. നമ്മുടെയൊക്കെ ബാല്യകൗമാരങ്ങളെയും യൗവനത്തെയും ത്രസിപ്പിച്ച് എത്രയെത്ര സിനിമകളാണ്, എത്രയെത്ര മനോഹരവേഷങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്''- മോഹൻലാൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |