ന്യൂഡൽഹി: 22കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ഭർതൃമാതാവ് അറസ്റ്റിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്‌മാൻപൂർ സ്വദേശിയായ അഞ്ജലിയാണ് (49) അറസ്റ്റിലായത്. ബുധനാഴ്ച വെെകിട്ടാണ് സംഭവം. 25ശതമാനം പൊള്ളലേറ്റ 22കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ആക്രമണത്തിന് ശേഷം അഞ്ജലിയും കുടുംബവും ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്നലെ സന്ത് നഗർ ബുരാരിയിൽ നിന്ന് അഞ്ജലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടു വർഷം മുൻപായിരുന്നു അഞ്ജലിയുടെ മകനെ യുവതി വിവാഹം കഴിച്ചത്. ഇവർക്ക് ആറുമാസം പ്രായമുള്ള ഒരു മകളുമുണ്ട്. ന്യൂ ഉസ്‌മാൻപൂർ പ്രദേശത്ത് താമസിക്കുന്ന അഞ്ജലിയുടെ വീടിന് മുകളിലത്തെ നിലയിലാണ് മകനും കുടുംബവും താമസിച്ചിരുന്നത്. മരുമകളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ അഞ്ജലി കർകർദൂമ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നതായാണ് വിവരം.
ബുധനാഴ്ച കേസിലെ ഇരുകക്ഷികളും കർകർദുമ കോടതിയിൽ ഹാജരായിരുന്നു. അത് കഴിഞ്ഞ് വെെകിട്ട് 5.30ഓടെയാണ് അഞ്ജലി യുവതിയുടെ മേൽ ആസിഡ് ഒഴിച്ചത്. കേസിൽ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലാവാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |