തിരുവനന്തപുരം രാജ്യവ്യാപകമായി പരിവാഹൻ വ്യാജ ആപ്ലിക്കേഷൻ വഴി ഓൺലൈൻ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബർ പൊലീസ് വാരണാസിയിൽ നിന്നും അറസ്റ്റ് ചെയ്തു. വാഹനത്തിന് ഫൈൻ അടയ്ക്കാൻ എന്ന പേരിൽ വ്യാജ എ.പി.കെ ഫയലുകൾ വാട്സ് ആപ്പ് വഴി അയച്ച് നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഉത്തർപ്രദേശ് സ്വദേശികളായ അതുൽ കുമാർ സിംഗ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് സൈബർ പൊലീസ് വാരണാസിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ടെലിഗ്രാം ബോട്ട് മുഖാന്തിരമാണ് വാഹനങ്ങളുടെ വിവരങ്ങൾ പ്രതികൾ ശേഖരിച്ചത്. മനീഷ് യാദവിന്റെ ബന്ധുവായ 16 വയസുകാരനാണ് വ്യാജ ആപ്ലിക്കേഷൻ തയ്യാറാക്കിയതിന്റെ ബുദ്ധി കേന്ദ്രം. 16കാരനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യാജ പരിവാഹൻ ലിങ്ക് വഴി 85,000 രൂപ തട്ടിയെടുത്തതായി എറണാകുളം സ്വദേശി എൻ.സി.ആർ.പി പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ ഷമീർഖാൻ, അരുൺ, അജിത്ത് രാജ്, നിഖിൽ ജോർജ്. ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നീ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളം, ഗുജറാത്ത്, കർണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 2700ൽപരം വാഹനങ്ങളുടെ വിവരങ്ങൾ പ്രതികളുടെ ഫോണിൽനിന്നും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |