ചേർത്തല : കോടതി ഉത്തരവിനെ തുടർന്ന് കുട്ടികളെ കൈമാറാൻ എത്തിയ യുവതിയെയും പിതാവിനെയും ഭർത്താവും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചതായി പരാതി. ചേർത്തല കോടതിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വയലാർ സ്വദേശി അഞ്ജലി മേനോനും പിതാവ് വാസുദേവ മേനോനുമാണ് മർദ്ദനമേറ്റത്.
പട്ടണക്കാട് സ്വദേശിയായ ഭർത്താവ് ഗിരീഷുമായി യുവതി നാളുകളായി അകന്നു കഴിയുകയാണ്. ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച കേസ് ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന്, കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം ഗിരീഷിനൊപ്പം പോകാൻ അനുവദിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് യുവതിയും പിതാവും കുട്ടികളോടൊപ്പം ചേർത്തല കോടതി വളപ്പിൽ എത്തിയത്. കുട്ടികൾ കാറിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ചതോടെ ഭർതൃവീട്ടുകാർ ബലം പ്രയോഗിക്കുകയും പിന്നീട് തങ്ങളെ അടിച്ചു വീഴ്ത്തുകയുമായിരുന്നെന്ന് യുവതി ആരോപിച്ചു. വെള്ളിയാഴ്ച കോടതി അവധിയായിരുന്നു. സമീപത്തെ ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികളും കവലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യാേഗസ്ഥനും നാട്ടുകാരും ചേർന്നാണ് ഇരുകൂട്ടരേയും പിടിച്ചു മാറ്റിയത്. തലയ്ക്കും വയറിനും പരിക്കേറ്റ അഞ്ജലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അഞ്ജലിയുടെ പരാതിയിൽ ഗിരീഷിനും സഹോദരി ലീനക്കുട്ടിക്കും ബന്ധുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചേർത്തല പൊലീസ് കേസെടുത്തു. ലീനക്കുട്ടിയുടെ പരാതിയിൽ അഞ്ജലിക്കും പിതാവിനുമെതിരെയും കേസെടുത്തതായി ചേർത്തല സി.ഐ ബി.വിനോദ്കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |