കോട്ടയം: പൊലീസിന്റെ വെടിവയ്പ്പ് പരിശീലനത്തിനിടെ ലക്ഷ്യം തെറ്റിയ വെടിയുണ്ട സമീപത്തെ വീടിന്റെ ജനലിൽ പതിച്ചു. ജനലിനോട് ചേർന്ന മുറിയിൽ പഠിച്ച് കൊണ്ടിരുന്ന വിദ്യാർത്ഥിനി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ജനൽച്ചില്ല് തുളച്ചാണ് വീടിനുള്ളിലേയ്ക്ക് വെടിയുണ്ട പതിച്ചത്.
കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ ജില്ലാ പൊലീസിന്റെ വെടിവയ്പ്പ് പരിശീലനത്തിനിടെയാണ് സംഭവം. പോളിടെക്നിക് കോളേജിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടിലാണ് പരിശീലനം. സമീപത്തുള്ള ഉള്ളാട്ടിൽ എന്ന വീട്ടിലേയ്ക്കാണ് വെടിയുണ്ട പതിച്ചത്. ഇവിടെ മുൻപും സമാനമായ അപകടം പൊലീസ് ഷൂട്ടിംഗ് പരിശീലനത്തിനിടെ ഉണ്ടായിട്ടുണ്ടെന്ന് ജനങ്ങൾ ആരോപിച്ചു.
എറണാകുളം സ്വദേശിയായ ഇ എ സോണി വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. സോണിയുടെ ഭാര്യ ജിൻസിയും മക്കളായ അൽക്കയും ആത്മികയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. സംഭവത്തെപറ്റി അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം. രണ്ട് വര്‍ഷം മുന്‍പ് എം സി റോഡില്‍ വാഹന ഷോറൂമിന് മുകളില്‍ പരിശീലന വെടിവയ്പിനിടെ വെടിയുണ്ട തറച്ചിരുന്നു. അന്ന് നിർത്തിവച്ച പരിശീലനം വീണ്ടും ആരംഭിച്ചപ്പോഴാണ് നിലവിലെ സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |