ജയിക്കുന്ന സീറ്റ് കൊടുത്തില്ലെന്ന് ആത്മകഥയിൽ
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തിനൊപ്പം പോയ ചെറിയാൻ ഫിലിപ്പ് 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ തന്റെ എതിരാളിയായി വന്നപ്പോൾ തനിക്ക് വിഷമമല്ല, കുറ്റബോധമാണ് തോന്നിയതെന്ന് ആത്മകഥയായ 'കാലം സാക്ഷി"യിൽ ഉമ്മൻ ചാണ്ടി.
ദീർഘകാലം സുഹൃത്തും സഹോദരനെപ്പോലെ കരുതിയ ആളുമായ ചെറിയാൻ ഫിലിപ്പിന് ജയസാദ്ധ്യതയുള്ള നിയമസഭാ സീറ്റ് നൽകാൻ സാധിക്കാത്തതിനെക്കുറിച്ചാണ് ഉമ്മൻ ചാണ്ടി ആത്മകഥയിൽ വാചാലനാകുന്നത്.
'എന്റെ എട്ടാമത്തെ തിരഞ്ഞെടുപ്പ് 2001 മേയിലാണ്. ദീർഘകാല സഹപ്രവർത്തകനും സഹോദരനെപ്പോലെ കരുതിയ ആളുമായ ചെറിയാൻ ഫിലിപ്പാണ് ഇത്തവണ എതിരാളി. പാർട്ടിക്കുള്ളിലും പുറത്തും നടത്തിയ പോരാട്ടങ്ങളിൽ കൂടെ നടന്ന സുഹൃത്ത്. എനിക്ക് വിഷമമല്ല തോന്നിയത്, കുറ്റബോധമാണ്. വളരെ മുമ്പേ നിയമസഭയിൽ എത്തേണ്ടയാളായിരുന്നു. 1991ൽ കോട്ടയം നൽകി. സി.പി.എമ്മിന്റെ കരുത്തനായ ടി.കെ. രാമകൃഷ്ണനായിരുന്നു എതിരാളി. അന്ന് പൊതുവേ ഇടത്തോട്ട് ചാഞ്ഞു കിടക്കുന്ന മണ്ഡലമാണ്. എങ്കിലും 2,682 വോട്ടിനാണ് ചെറിയാൻ തോറ്റത്. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഒരു സീറ്റ് നൽകാൻ കഴിഞ്ഞില്ല. 2001 ൽ അദ്ദേഹം ആഗ്രഹിച്ചത് തിരുവനന്തപുരം വെസ്റ്റാണ്. പക്ഷേ, എം.വി. രാഘവന് വിജയ സാദ്ധ്യതയുള്ള സീറ്റിനായുള്ള അന്വേഷണം തിരുവനന്തപുരം വെസ്റ്റിലാണ് എത്തി നിന്നത്. തിരുവനന്തപുരം ഈസ്റ്റിലോ നോർത്തിലോ മത്സരിക്കാമായിരുന്നു. ജയ സാദ്ധ്യതയെപ്പറ്റി സംശയമുണ്ടായി. പക്ഷേ, ആ തിരഞ്ഞെടുപ്പിൽ കോൺ ഗ്രസിന്റെ ബി. വിജയകുമാർ ഈസ്റ്റിൽ 14,068 വോട്ടിനും കെ. മോഹൻ കുമാർ നോർത്തിൽ 6,384 വോട്ടിനും ജയിച്ചു. സീറ്റ് കിട്ടാതെ പോയതിന്റെ ഉത്തരവാദി ഞാനാണെന്ന് ചെറിയാൻ കരുതിയിട്ടുണ്ടാകും. 2001ൽ എനിക്കെതിരെ മത്സരിക്കുമെന്ന് ചെറിയാൻ മുൻകൂർ പ്രഖ്യാപിച്ചു"- ആത്മകഥയിൽ വിവരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |