ഇൻഡോർ:ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ മഴനിയമ പ്രകാരം 99 റൺസിന്റെ ജയം നേടി ഇന്ത്യ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 2-0ത്തിന് സ്വന്തമാക്കി. പരമ്പരയിൽ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 399/5 എന്ന ഓസ്ട്രേലിയക്കെതിരെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടി. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയുടെ വിജയ ലക്ഷ്യം ഇടയ്ക്ക് മഴ പെയ്തതിനാൽ 33 ഓവറിൽ 317ആയി പുനർ നിശ്ചയിച്ചു. എന്നാൽ 28.2 ഓവറിൽ 217 റൺസിന് അവർ ഓൾഔട്ടായി. ഇന്ത്യയ്ക്കായി അശ്വിനും ജഡേജയും 3 വിക്കറ്റ് വീതംവീഴ്ത്തി. വാർണർ (53), അബോട്ട് (54) എന്നിവർക്കേ ഓസീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ.
സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടേയും (105), ശുഭ്മാൻ ഗില്ലിന്റേയും (104), അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ സൂര്യകുമാർ യാദവിന്റേയും (37 പന്തിൽ പുറത്താകാതെ 72), ക്യാപ്ടൻ കെ.എൽ രാഹുലിന്റേയും (38 പന്തിൽ 52)മികവിലാണ് ഇന്ത്യ വമ്പൻസ്കോറിലെക്കെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ റിതുരാജ് ഗെയ്ക്വാദിന്റെ (4) വിക്കറ്റ് ടീം സ്കോർ 16ൽ എത്തിയപ്പോഴെ നഷ്ടമായി. ഹേസൽവുഡിനായിരുന്നു വിക്കറ്റ്. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച ഗില്ലും ശ്രേയസും കംഗാരുക്കളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി മികച്ച സ്കോറിലേക്കുള്ള ഇന്ത്യൻ യാത്രയ്ക്ക് അടിത്തറയിടുകയായിരുന്നു. 164 പന്തിൽ ഇരുവരും 200 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ ശ്രേയസ് ഏകദിനത്തിലെ തന്റെ മൂന്നാം സെഞ്ച്വറിയും പൂർത്തിയാക്കി. 86 പന്തുകളിലാണ് ശ്രേയസ് സെഞ്ച്വറി പൂർത്തിയാക്കിയത്. ടീം സ്കോർ 216ൽ വച്ച് ശ്രേയസിനെ ഷോട്ടിന്റെ കൈയിൽ എത്തിച്ച് അബോട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. 90 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പെട്ടതായിരുന്നു ശ്രേയസിന്റെ തിരിച്ചുവരവെന്ന് വിശേഷിപ്പിക്കാവുന്ന ഇന്നിംഗ്സ്.
ശ്രേയസ് പുറത്തായി അധികം വൈകാതെ സെഞ്ച്വറി പൂർത്തിയാക്കിയ ഗില്ലും മടങ്ങി. ഗ്രീനിന്റെ പന്തിൽ കീപ്പർ കാരെ ക്യാച്ചെടുത്തു. 97 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് ഗില്ലിന്റെ ഇന്നിംഗ്സ്. തുടർന്ന് രാഹുൽ ഇഷാൻ കിഷനും (38), സൂര്യയ്ക്കും ഒപ്പം അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കി. അവസാന ഓവറുകളിൽ സ്കൈ ആഞ്ഞടിച്ചു. 44-ാം ഓവറിൽ ഗ്രീനിനെതിരെ ആദ്യ നാല് പന്തുകളിലും സിക്സടിച്ചു. 24 പന്തിൽ സൂര്യ അർദ്ധ സെഞ്ച്വറിയടിച്ചു. ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയഅർദ്ധ സെഞ്ച്വറിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |