കണ്ണൂർ: ഓൺലൈൻ വായ്പാകെണി സംബന്ധിച്ച് ആശങ്കാജനകമായ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ തന്നെ ഇടക്കാലത്ത് നിലച്ച ബ്ളേഡ് മാഫിയ വീണ്ടും സജീവമായെന്ന വിവരവും പുറത്ത്. കഴുത്തറുപ്പൻ പലിശ ഈടാക്കി ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഈ സംഘങ്ങൾ ഓപറേഷൻ കുബേര പദ്ധതി നിലച്ചതിനെ തുടർന്നാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്.
ജില്ലയിലെ മലയോര ടൗണുകളിലും ഗ്രാമങ്ങളിലുമാണ് ബ്ളേഡ് മാഫിയ പിടിമുറുക്കിയിരിക്കുന്നത്. ദിവസക്കണക്കിന് പലിശയും മുതലും പിരിക്കുന്നവർ, ആഴ്ചയിലും മാസത്തിലും പിരിക്കുന്നവർ അങ്ങനെ വ്യത്യസ്ത രീതികളിലാണ് ഇടപാട് മുതലും പലിശയും മുടക്കിയവരെ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതും കൂടിയാകുമ്പോൾ ക്രമസമാധാനഭീഷണിയായി സംഘങ്ങൾ മാറിയിട്ടുണ്ട്. ചെറുകിട വ്യാപാരികൾ, കൃഷിക്കാർ,സാധാരണക്കാർ എന്നിവരാണ് ഇവരുടെ പിടിയിൽ പെട്ട് നട്ടംതിരിയുന്നത്.
മുതലിന്റെ ഇരട്ടി തുക നൽകിയാലും അടവിന്റെ പേരിൽ ഇവർ ഭീഷണിപ്പെടുത്തുന്നത് പതിവാണ്.ഒരു ലക്ഷത്തിന് പതിനായിരം രൂപ വരെ പലിശ കണക്കാക്കിയാണ് പണം നൽകുന്നത്.ഇവരുടെ കെണിയിൽ വീട്ടമ്മമാരും പെടുന്നുണ്ട്.പലിശ മുടങ്ങിയാൽ വീടും ഭൂമിയുമടക്കം പിടിച്ചെടുക്കുമെന്ന് ഭയപ്പെടുത്തുന്നത് സംഘങ്ങളുടെ പതിവുരീതിയാണ്.
പൊട്ടിക്കാനാകാതെ ഓൺലൈൻ വല
ഓൺലൈനിൽ സോഫയും ബെഡും ബുക്ക് ചെയ്ത് കൊറ്റാളി സ്വദേശിക്ക് നഷ്ടമായത് 58000 രൂപയാണ്. കഴിഞ്ഞ മാസം 31നാണ് ഓൺലൈൻ വഴി സാധനങ്ങൾ ബുക്ക് ചെയ്തത്. 1900 രൂപ ആദ്യഘട്ടത്തിൽ പേ.ടി.എം വഴി അയച്ചുനൽകി.പിന്നീട് തട്ടിപ്പുസംഘം ഒരു ലിങ്ക് അയച്ചുകൊടുത്തു. ഇത് ഓപ്പണാക്കിയതോടെ 58000 രൂപ നഷ്ടപ്പെട്ടു.ബാങ്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത് കണ്ണൂർ ടൗണിന് സമീപം താമസിക്കുന്നയാൾക്ക് നഷ്ടമായത് 69000 രൂപ. തട്ടിപ്പുകാർ അയച്ച ലിങ്ക് ഓപ്പണാക്കി ആധാറും പാൻ കാർഡ് നമ്പറും നൽകിയതോടെയാണ് പണം നഷ്ടമായത്.ഓൺലൈൻ സ്ഥാപനത്തിൽ നിക്ഷപം നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് അലവിൽ പള്ളിയാമൂല സ്വദേശിയുടെ 42,000 രൂപയും തട്ടിയെടുത്തു. സോഷ്യൽ മീഡിയ ഫ്‌ളാറ്റ്‌ഫോമിലെ ഒരു കമ്പനിയിൽ പണം നിക്ഷേപിച്ചാൽ കടുതൽ ലാഭവിഹിതം നൽകാമെന്നായിരുന്നു വാദ്ഗാനം. യാതൊരു വിവരവും ഇല്ലാതായതോടെയാണ് വഞ്ചിക്കപ്പെട്ടത് മനസിലായത്. ഈ പരാതികളിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
മണി ലെൻഡേഴ്സ് ആക്ടിന് വിരുദ്ധം, മൂന്നുവർഷം വരെ തടവ്
ലൈസൻസ് ഇല്ലാതെയും ലൈസൻസിന് വിരുദ്ധമായും ബിസിനസ്സ് ചെയ്യുക
വായ്പ നൽകിയ സംഖ്യയിൽ കൂടുതൽ കണക്കിൽ കാണിക്കുക
അമിതപലിശ ഈടാക്കുക
മുതലോ പലിശയോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുക, കൈയേറ്റം ചെയ്യുക, വസ്തുവകകളിൽ അതിക്രമിച്ചു കയറുക, അനുഭവത്തെ തടയുക
നിയമം നിലവിൽ വന്നത് 2012ൽ
സ്വകാര്യ മണി ലെൻഡേഴ്സ് അമിതപലിശ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ ത്തുടർന്ന് 2012 ൽ കേരള സർക്കാർ അമിത പലിശ ഈടാക്കൽ നിരോധന നിയമം (ദി കേരള പ്രൊഹിബിഷൻ ഓഫ് ചാർജ്ജിംഗ് എക്‌സോർബിറ്റന്റ് ആക്ട് 2012) നിയമം നടപ്പിലാക്കി. ഈ നിയമം ലംഘിക്കുന്നതായി തെളിഞ്ഞാൽ 3 വർഷംവരെ തടവ് നൽകാനാണ് വ്യവസ്ഥ. ഇടപാടുകാരന്റെ സ്ഥാവരജംഗമ വസ്തുക്കൾ പലിശക്കാരൻ ഇടപാടുമായി ബന്ധപ്പെട്ട് കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. അമിതപലിശ നൽകിയിട്ടുണ്ടെങ്കിലും ആ തുക മുതലിൽ അഡ്ജസ്റ്റ് ചെയ്ത് അക്കൗണ്ട് സെറ്റിൽ ചെയ്യുന്നതിന് ഉത്തരവിടാനും ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |