കൊല്ലം: ദേശീയപാതയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് നിറുത്തിവയ്ക്കാമെന്ന് തനിക്കു നേരത്തെ നൽകിയ ഉറപ്പ് പാലിക്കുമെന്ന് കേന്ദ്ര ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
രണ്ടു വരി പാതയായി ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കിയപ്പോഴാണ് സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കരാർ പ്രകാരം ടോൾ പിരിവ് ആരംഭിച്ചത്. ആറ് വരി പാതയായി വികസനം നടത്തുമ്പോൾ നിർമ്മാണം പൂർത്തിയാകാതെ ടോൾ ഏർപ്പെടുത്തരുതെന്ന് എം.പി ആവശ്യപ്പെട്ടിരുന്നു. എം.പി യുടെ ആവശ്യത്തെ തുടർന്ന് ദേശീയപാത അതോറിട്ടി വിശദമായ പരിശോധന നടത്തി ടോൾ പിരിവ് നിറുത്താൻ ദേശീയപാത മന്ത്രാലയത്തിന് ശുപാർശ നൽകിയിട്ടുണ്ട്. ഇത് മന്ത്രാലയത്തിന്റെ അന്തിമ പരിഗണനയിലാണ്. എത്രയും വേഗം ഈ വിഷയത്തിൽ അനുഭാവപൂർവ്വമായ തീരുമാനം ഉണ്ടാകുമെന്നു മന്ത്രി ഉറപ്പ് നൽകി. ഇന്നലെ ഡൽഹിയിൽ മന്ത്രി നിതിൻ ഗഡ്ഗരിയുടെ വസതിയിൽ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ഉറപ്പ് നൽകിയത്.
കൊല്ലം ബൈപാസിൽ ടോൾ പിരിവ് നടത്തുന്നത് സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കരാർ അനുസരിച്ചാണെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിറുത്തിവയ്ക്കണമെന്നായിരുന്നു എം.പി ചർച്ചയിൽ ആവശ്യപ്പെട്ടത്. സർവ്വീസ് റോഡുകൾ നിലവിലില്ലാത്തതിനാൽ പ്രദേശവാസികൾ ബൈപ്പാസാണ് ഉപയോഗിക്കുന്നത്. മറ്റ് റോഡുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം കൂടി കണക്കിലെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |