ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുമായും ദേശീയ തലത്തിൽ എൻഡിഎയുമായുള്ള സഖ്യം അണ്ണാ ഡിഎംകെ ഉപേക്ഷിച്ചതിന് പിന്നാലെ ഇരുപാർട്ടികളെയും പരിഹസിച്ച് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഇരുപാർട്ടികളും വീണ്ടും തമിഴ്നാട്ടിൽ ഒരുമിച്ച് മത്സരിക്കുമെന്നും ഒരാൾ കൊള്ളക്കാരനാണെങ്കിൽ മറ്റെയാൾ കള്ളനാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. അണ്ണാ ഡിഎംകെ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചാലും അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ഡിഎംകെ തമിഴ്നാട്ടിൽ മികച്ച വിജയം സ്വന്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'കെപി മുനുസാമിയാണ് അണ്ണാ ഡിഎംകെ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച കാര്യം പ്രഖ്യാപിച്ചത്. അണ്ണാ ഡിഎംകെയ്ക്ക് ബിജെപിയുമായി ബന്ധം ഉണ്ടായാലും ഇല്ലെങ്കിലും അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ഡിഎംകെ മികച്ച വിജയം നേടും. നിങ്ങൾക്ക് ആളുകളെ വഞ്ചിക്കാൻ കഴിയില്ല, അണ്ണാ ഡിഎംകെ പ്രവർത്തകർ പോലും ഈ പ്രഖ്യാപനം വിശ്വസിക്കില്ല. നിങ്ങളുടെ മുൻ മുഖ്യമന്ത്രിക്കെതിരെയും മറ്റ് മന്ത്രിമാർക്കെതിരെയുമുള്ള ഇഡി കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്'- ഉദയനിധി പറഞ്ഞു.
കൃഷ്ണഗിരി ജില്ലയിൽ സംഘടിപ്പിച്ച യൂത്ത് വിംഗിന്റെ പരിപാടിയിലായിരുന്നു ഉദയനിധി ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമല്ല സംഭവിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ അവർ തമ്മിലുള്ള വഴക്ക് പുറത്തുവരാറുണ്ട്. ഒരാൾ കൊള്ളക്കാരനും മറ്റൊരാൾ കള്ളനുമായതുകൊണ്ട് അവർ വീണ്ടും ഒന്നിക്കുമെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എംപിമാരുടെയും എംഎൽഎമാരുടെയും ജില്ലാ അദ്ധ്യക്ഷൻമാരുടെയും യോഗമാണ് സഖ്യം ഉപേക്ഷിക്കുന്ന തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് യോഗം ഏകകണ്‌ഠേന പ്രമേയം പാസാക്കിയെന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെപി മുനുസാമി അറിയിക്കുകയായിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ പാർട്ടി പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.
മുൻ മുഖ്യമന്ത്രിമാരായ സിഎൻ അണ്ണാദുരൈ, ജെ ജയലളിത എന്നിവർക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയ പരാമർശങ്ങളാണ് ബന്ധം വഷളാക്കിയത്. ഈ റോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു ശേഷം ഇരു പാർട്ടി നേതൃത്വവും ഉടക്കിലായിരുന്നു. എൻഡിഎയിൽ അണ്ണാ ഡിഎംകെ വേണ്ടെന്ന് അണ്ണാമലൈ തുറന്നടിച്ചു. അണ്ണാമലൈ തമിഴ്നാട്ടിൽ ബിജെപിയെ സ്വന്തമായി വളർത്താനുള്ള ശ്രമത്തിലാണെന്ന് അണ്ണാ ഡിഎംകെ നേതാക്കളും ആരോപിച്ചു.
അതേസമയം, അണ്ണാമലൈയെ മാറ്റണമെന്ന ഡിഎംകെയുടെ ആവശ്യം ബിജെപി കേന്ദ്ര നേതൃത്വം നിരസിച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ നടന്ന ഒത്തുതീർപ്പു യോഗത്തിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ചെന്നൈയിൽ അണ്ണാ ഡിഎംകെ അന്തിമ തീരുമാനമെടുത്തത്.
അതിനിടെ, അണ്ണാ ഡി.എം.കെ പുറത്താക്കിയ മുൻ മുഖ്യമന്ത്രി പനീർ ശെൽവം,അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരൻ എന്നിവർ ബിജെപിക്കൊപ്പം ചേരാനിടയുണ്ടെന്നും സൂചനയുണ്ട്. അതേസമയം, പുതിയ സംഭവ വികാസങ്ങളോട് പ്രതികരിക്കാൻ അണ്ണാമലൈ തയ്യാറായില്ല. ദേശീയ നേതൃത്വം പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |