സൗന്ദര്യവും പ്രതിഭയും ഒത്തു ചേർന്ന് ഇന്ത്യൻ സിനിമയിലെ ഒരു കാലഘട്ടത്തെ കോരിത്തരിപ്പിച്ച താരപരിവേഷമുള്ള നായികയാണ് ദാദാ സാഹെബ് ഫാൽക്കെ അവാർഡിനർഹയായ വഹീദാ റഹ്മാൻ. വിവാദങ്ങളിലും കിംവദന്തികളിലും പെടാത്ത അഭിജാത നായിക.
ചൗദ് വിൻ കാ ചാന്ദ് ഹോ... ഗുരുദത്തിനൊപ്പം വഹീദ നിറഞ്ഞാടിയ ഈ ഗാനരംഗം കാലാതീതമായി ഇന്നും പ്രേക്ഷകരുടെയും സംഗീതാസ്വാദകരുടെയും മനസിലുണ്ട്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നിന്ന് ബോളിവുഡിന്റെ നിത്യ വസന്തമായി അഞ്ചു പതിറ്റാണ്ടോളം വഹീദ റഹ്മാൻ നിറഞ്ഞു
നിന്നു . ഗുരുദത്ത്, രാജ് കപൂർ, ദേവാനന്ദ്, വിജയ് ആനന്ദ്, രാജേഷ് ഖന്ന തുടങ്ങിയ മഹാരഥന്മാരായ ചലച്ചിത്രകാരന്മാർക്കൊപ്പം ആരാധക മനസുകളിലേക്ക് വഹീദ ചേക്കേറി.
ആലിബാബാവും 40 തിരുടർഗളും എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് വഹീദ കാലെടുത്തു വച്ചത്. 1955-ൽ തെലുങ്ക് ചിത്രം റോജുലു മാരായി ആണ് തിയേറ്ററിലെത്തിയ ആദ്യ ചിത്രം. ഇതിലെ പ്രകടനം കണ്ട് വിഖ്യാത ചലച്ചിത്രകാരൻ ഗുരു ദത്ത് ബോളിവുഡിലേക്ക് കൊണ്ടുവന്നു. ക്രൈം ത്രില്ലറായ സി. ഐ. ഡിയിലെ കാമിനി എന്ന വേഷത്തിലൂടെ. ഗുരുദത്ത് വഹീദയുടെ ഗുരുവായി. അദ്ദേഹമാണ് വഹീദയിലെ അഭിനയപ്രതിഭ പുറത്തു കൊണ്ടുവന്നത്. പ്യാസ എന്ന ചിത്രത്തിൽ നായികയായ അഭിസാരികയുടെ വേഷം നൽകി. വഹീദയുടെ ആദ്യ ഹീറോയിൻ വേഷം. സിനിമ സൂപ്പർ ഹിറ്റായി. എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമകളിലൊന്നാണ് പ്യാസ. ഗുരുവിന്റെ ആശിർവാദത്തോടെ വഹീദ ബോളിവുഡിന്റെ മനം കീഴടക്കി. ഗുരുവിനൊപ്പം ചൗധ്‌വിൻ കാ ചാന്ദ്, കാഗസ് കെ ഫൂൽ, ട്വൽവ് ഒ ക്ലോക്ക്, തുടങ്ങിയ ക്ലാസിക്കുകൾ. അവ പ്രേക്ഷകരുടെ ഹൃദയത്തിൽ വഹീദയ്ക്ക് ഇരിപ്പടം നൽകി. സാഹിബ് ബീബി ഔർ ഗുലാം ആണ് ഗുരുദത്തിനൊപ്പം ചെയ്ത അവസാന ചിത്രം. അതിൽ സഹ വേഷമായിരുന്നു.
ദേവാനന്ദിനൊപ്പമുള്ള ചിത്രങ്ങൾ വഹീദയുടെ താരപരിവേഷം ഉയർത്തി. സി.ഐ.ഡി, സോല സാൽ, കാല ബസാർ, ബാത് ഏക് രാത് കി, രൂപ് കി റാണി ചോരോം കി രാജ,ഗൈഡ്, പ്രേം പൂജാരി എന്നിവ ഹിറ്റുകളായി. സത്യജിത് റേയുടെ അഭിജാൻ എന്ന ചിത്രത്തിൽ സൗമിത്ര ചാറ്റർജിക്കൊപ്പം അഭിനയിച്ചു. രാജേഷ് ഖന്നയ്ക്കൊപ്പം അഭിനയിച്ച ഖാമോഷിയും ശ്രദ്ധിക്കപ്പെട്ടു.
1938 ഫെബ്രുവരി മൂന്നിന് ജില്ലാ മജ്സ്ട്രേറ്റായ അബ്ദുർ റഹ്മാന്റെയും മുംതാസ് ബീഗത്തിന്റെയും നാല് പെൺകുട്ടികളിൽ ഇളയവളായി ജനനം. ഭരതനാട്യം പഠിക്കണമെന്ന മകളുടെ ആഗ്രഹത്തെ സമുദായത്തിൽ നിന്ന് എതിർപ്പുയർന്നിട്ടും റഹ്മാൻ പിന്തുണച്ചു. 1964ൽ ഷാഗൂൺ എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച ശശി ശേഖറാണ് ഭർത്താവ്. മക്കൾ: സൊഹൈൽ രേഖ്‌വി, കാശ്‌വിം രേഖ്‌വി. മകൾ കാശ്‌വിം 2005ൽ പുറത്തിറങ്ങിയ മംഗൾ പാണ്ഡെയുടെ തിരക്കഥയ്ക്ക് മേൽനോട്ടം വഹിച്ചു. മനുഷ്യസ്‌നേഹിയായ വഹീദ, എല്ലാവരുടേയും വിദ്യാഭ്യാസത്തിന് വേണ്ടി വാദിക്കുന്ന രംഗ് ദേ എന്ന സംഘടനയുടെ അംബാസഡറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |