മറയൂർ: ഇടുക്കിയുടെ കീർത്തി രാജ്യമെമ്പാടും ഉയർത്തി ലോക ടൂറിസം ദിനത്തിൽ കാന്തല്ലൂർ പഞ്ചായത്തിന് അഭിമാന നേട്ടം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡാണ് ഇടുക്കിയുടെ അതിർത്തി ഗ്രാമമായ കാന്തല്ലൂരിന് ലഭിച്ചിരിക്കുന്നത്. കേരള ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി വിജയകരമായി നടപ്പാക്കിയതാണ് വഴിയാണ് അവാർഡിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ എട്ട് മാസമായി നടന്ന വിവിധ തലങ്ങളിലെ പരിശോധനകൾക്ക് ഒടുവിലാണ് പുരസ്‌കാരം ലഭിച്ചത്. രാജ്യത്ത് തന്നെ ആദ്യമായി പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് ടൂറിസം അടിസ്ഥാന സൗകര്യ വികസനം നടത്തി. ഉത്തരവാദിത്ത ടൂറിസം മിഷനും യുഎൻ വിമണും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാർദ്ദ വിനോദ സഞ്ചാര പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളിൽ ഒന്നുമാണ് കാന്തല്ലൂർ. പഞ്ചായത്ത് ഭരണ സമിതിക്കൊപ്പം പ്രസിഡന്റ് പി.ടി. മോഹൻ ദാസ് ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ- ഓഡിനേറ്ററും റൂറൽ ടൂറിസം, റൂറൽ ഹോം സ്റ്റേയ്‌സ്, സസ്റ്റെയിനബിൾ ടൂറിസം സ്റ്റേറ്റ് നോഡൽ ഓഫീസറുമായ കെ. രൂപേഷ്‌കുമാർ കൺവീനറുമായുള്ള മേൽനോട്ടത്തിലുള്ള സമിതിയാണ് പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മലയോര ഗ്രാമമാണ് കാന്തല്ലൂർ. പ്രശാന്തമായ കാലാവസ്ഥയും പ്രകൃതിഭംഗിയുമാണ് പ്രദേശത്തിന്റെ പ്രധാന ആകർഷണം. കീഴാന്തൂർ, മറയൂർ, കൊട്ടാക്കമ്പൂർ, വട്ടവട, എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ. പഞ്ചായത്തിലെ ശരാശരി താപനില 17 ഡിഗ്രിയാണ്. ദേവികുളം താലൂക്കിൽപ്പെട്ട കാന്തല്ലൂരിലെത്താൻ മറയൂർ വഴി മാത്രമാണ് റോഡുള്ളത്. മൂന്നാറിൽ നിന്ന് 57 കിലോ മീറ്റർ സഞ്ചരിച്ചാൽ കാന്തല്ലൂരിലെത്താം.
ആപ്പിളിന് പേരുകേട്ട നാട്
ശീതകാല പഴം- പച്ചക്കറി കൃഷിയുടെ നാടായ കാന്തല്ലൂരിൽ വിളയുന്ന ആപ്പിൾ പ്രശസ്തമാണ്. സംസ്ഥാനത്ത് തന്നെ വാണിജ്യാടിസ്ഥാനത്തിൽ ആപ്പിൾ കൃഷി ചെയ്യുന്ന ഏകസ്ഥലവും ഇതാണ്. ഭൗമ സൂചികാ പദവി ലഭിച്ച കാന്തല്ലൂർ- വട്ടവട വെളുത്തുള്ളി, മറയൂർ ശർക്കര എന്നിവ കൃഷി ചെയ്യുന്ന പ്രദേശങ്ങൾ കൂടിയാണ് ഇവിടം. കേരളത്തിലെ മറ്റ് ഭാഗങ്ങളിൽ കൃഷി ചെയ്യാത്ത പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ചി തുടങ്ങിയവ ഇവിടെ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. പഴത്തോട്ടങ്ങളിലെല്ലാം ഫാം ടൂറിസത്തിന് അവസരമുള്ളതിനാൽ സഞ്ചാരികൾക്ക് പഴങ്ങൾ നേരിട്ടു കണ്ടു തോട്ടത്തിൽ നിന്നു തന്നെ വാങ്ങാനാവും. കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂ ട്ട്, വെളുത്തുള്ളി തുടങ്ങിയവയും കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
ടൂറിസം കേന്ദ്രങ്ങൾ
പട്ടിശ്ശേരി ഡാം, കുളച്ചിവയൽ പാറകൾ, കീഴാന്തൂർ വെള്ളച്ചാട്ടം, ഇരച്ചിൽപ്പാറ വെള്ളച്ചാട്ടം, ആനക്കോട്ട പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകൾ എന്നിവയാണ് കാന്തല്ലൂരിലെ പ്രധാന ആകർഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |