തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന് സിപിഎം നേതാവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണൻ. നിലവിൽ 30 കോടിയെത്തിച്ചിട്ടുണ്ട്. 40 കോടി കൂടിയുണ്ടെങ്കിൽ പ്രതിസന്ധി പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് നാളെ കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് കൂടുമെന്നും എം കെ കണ്ണൻ അറിയിച്ചു.
എന്നാൽ കേരള ബാങ്കിൽ നിന്ന് കരുവന്നൂരിലേയ്ക്ക് അഡ്വാൻസായി തുക നൽകുന്നത് നിക്ഷേപകരുടെ കണ്ണിൽ പൊടിയിടുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. കേരള ബാങ്കിലെ മുഴുവൻ തുകയും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ ഇ ഡിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു എന്നും വിളിപ്പിച്ചാൽ ഇനിയും എത്തുമെന്നാണ് എം കെ കണ്ണൻ മാദ്ധ്യമപ്രവർത്തകരോട‌് പറഞ്ഞത്. ശാരീരിക പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഒരു കുഴപ്പവുമില്ലെന്നും ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിപിഎം നേതാവ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് ഇ ഡി വ്യക്തമാക്കിയത്.
നിസഹകരണം മൂലമാണ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചതെന്നും ചോദ്യങ്ങളോട് തനിക്ക് വിറയലാണെന്നാണ് എം കെ കണ്ണന്റെ പ്രതികരണമെന്നും ഇ ഡി ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ണനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നും അതിനാൽ അധികം വൈകാതെ തന്നെ വീണ്ടും ചോദ്യംചെയ്യൽ ഉണ്ടാകുമെന്ന സൂചനയും ഇ ഡി നൽകി. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി കണ്ണൻ ഇ ഡി ഓഫീസിൽ എത്തിയത്. ചോദ്യം ചെയ്യലിനായി പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |