ഹ്വാംഗ്‌ചോ : ഏഷ്യൻ ഗെയിംസിലെ പുരുഷ ബാഡ്മിന്റൺ ടീം ഇനത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ഗെയിംസ് ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്ന ഇന്ത്യ ചൈനയോട് പരാജയപ്പെട്ട് വെള്ളിമെഡൽ നേടി. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ശേഷമായിരുന്നു ഇന്ത്യയുടെ തോൽവി.
ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ ചൈനയുടെ യുക്കി ഷിയെ തോൽപ്പിച്ച് ഇന്ത്യക്ക് ലീഡ് നൽകി. സ്കോർ 22-20, 14-21. 21-18. പിന്നീട് ആദ്യ ഡബിൾസിൽ സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ചൈനയുടെ ലിയാങ്- വാങ് സഖ്യത്തെ പരാജയപ്പെടുത്തി ( 21-15, 21-18) . എന്നാൽ രണ്ടാം സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലി ഷി ഫെങ്ങിനോടും (22-24, 8-21) രണ്ടാം ഡബിൾസിൽ ധ്രുവ് കപില- പ്രതീക് സഖ്യം ലിയു- ഒവു സഖ്യത്തോടും (6-21, 15-21) സഖ്യത്തോടും പരാജയപ്പെട്ടു. നിർണായകമായ അവസാനമത്സരത്തിൽ , പരിക്കേറ്റ മലയാളി താരം എച്ച്. എസ്. പ്രണോയ്‌ക്ക് പകരക്കാരനായെത്തിയ മിഥുൻ മഞ്ജുനാഥ് ചൈനയുടെ വെങ് ഹോങ് യാങിനോട് 12-21, 4-21ന് പരാജയപ്പെട്ടു. ഇതോടെ ഇന്ത്യ വെള്ളി നേട്ടം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. 37 വർഷത്തിന് ശേഷമാണ് ബാഡ‌്മിന്റൺ ടീമിനത്തിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |