ന്യൂഡൽഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസലിനെ പാർലമെന്റംഗത്വത്തിൽ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അദ്ദേഹത്തിന് എതിരെയുള്ള വധശ്രമക്കേസിൽ കുറ്റകാരനെന്നുള്ള വിധി കേരളാ ഹെെക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ലോക്‌സഭാംഗത്വം റദ്ദാക്കിയത്. ഹെെക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫെെസലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്.
വധശ്രമക്കേസിൽ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് മുഹമ്മദ് ഫെെസൽ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടിയിരുന്നു. ഇതിന് ശേഷമാണ് എം പി സ്ഥാനം പുനഃസ്ഥാപിച്ചത്. കേസ് പിന്നീട് ഹെെക്കോടതിയുടെ പരിഗണനയിൽ വന്നു എന്നാൽ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഹെെക്കോടതി തയ്യാറാകാതെ വന്നതോടെയാണ് ഇന്ന് ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ മുൻ കേന്ദ്രമന്ത്രി പി എം സയീദിന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കവരത്തി ജില്ലാ സെഷൻസ് കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചതാണ് എൻ സി പി നേതാവായ മുഹമ്മദ് ഫൈസലിന്റെ അയോഗ്യതയ്‌ക്കും ലോക്‌സഭാംഗത്വം റദ്ദാക്കലിനും ഇടയാക്കിയത്. 2014 മുതൽ ലക്ഷദ്വീപ് എം പിയാണ് മുഹമ്മദ് ഫൈസൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |