SignIn
Kerala Kaumudi Online
Sunday, 06 July 2025 8.15 AM IST

ഡൽഹിയിൽ സവാരിക്കിറങ്ങാറുണ്ടോ? സൂക്ഷിക്കണം ആർ.എസ്.എസ് ക്രിമിനലുകൾ തടഞ്ഞു നിറുത്തിയേക്കും: ആന്റണിക്കെതിരെ എ.എ റഹീം

Increase Font Size Decrease Font Size Print Page
a-a-rahim-

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വധശ്രമത്തിൽ എസ്.എഫ്‌.ഐയെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാവ് എ.കെ ആന്റണിക്കരെതിരെ ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്തെത്തി. "താങ്കൾ എത്രമാത്രം അടിസ്ഥാന രഹിതമായ ആരോപണമാണ് ത്യാഗങ്ങളുടെ മാത്രം മഹാ ചരിത്രമുള്ള ഒരു വിദ്യാർത്ഥി സംഘടനയെ ചൂണ്ടി വിളിച്ചു പറഞ്ഞത്? എസ്.എഫ്.ഐ കൊലപ്പെടുത്തിയ ഒരു വിദ്യാർത്ഥിയുടെ പേര് അങ്ങേയ്ക്ക് പറയാനാകുമോ? ഡൽഹിയിൽ അങ്ങ് സായാഹ്‌ന സവാരിക്കിറങ്ങാറുണ്ടോ? സൂക്ഷിക്കണം ആർഎസ്എസ് ക്രിമിനലുകൾ ഒരുപക്ഷേ തടഞ്ഞു നിർത്തി അങ്ങയെ ജയ്‌ശ്രീറാം"- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീ എകെ ആന്റണി,
ചേർത്തലയിലെ തറവാട്ട് വീട്ടിൽ നിന്നും താങ്കൾ രാഷ്ട്രീയ യാത്ര തുടങ്ങിയതും വളർന്നതും ഇന്ന്, ഏറെക്കുറെ അനാഥമായ കോൺഗ്രസ്സ് ആസ്ഥാനത്തെ അന്തേവാസിയായതും കെ.എസ്‌.യുവിന്റെ കൊടിക്കീഴിൽ നിന്നായിരുന്നു.

ഓർമയില്ലേ താങ്കൾക്ക്,


അന്നൊക്കെ ആ സംഘടനയുടെ ശക്തി എത്രമാത്രമുണ്ടായിരുന്നു? കെഎസ്‌യു ജയിക്കാത്ത ഒരു കോളേജ് എങ്കിലും താങ്കൾക്ക് ഓർമ്മയുണ്ടോ? സർവകലാശാലാ യൂണിയനുകൾ, സെനറ്റ്, സിൻഡിക്കേറ്റ്... എവിടെയും കെഎസ്‌യു മാത്രം. ആ കെഎസ്‌യു വിനെ ക്യാംപസുകളിൽ നിന്നും വിദ്യാർത്ഥികൾ ആട്ടിപ്പുറത്താക്കി.

ക്യാമ്പസുകൾ തിരസ്കരിച്ച കെഎസ്‌യു കലാലയ ഇടനാഴികളിലെ തലയെടുപ്പിൽ നിന്നും കോൺഗ്രസ്സ് നേതാക്കളുടെ വീട്ടുജോലിക്കാരന്റെ റോളിലൊതുങ്ങി. താങ്കൾ ഉൾപ്പെടെയുള്ള കെഎസ്‌യു നേതാക്കൾ മൂർച്ചയുള്ള ആയുധങ്ങളുമായി കുഴിച്ചു മൂടാനിറങ്ങിയ എസ്എഫ്ഐ ഒരു മഹാ വൃക്ഷമായി വളർന്നു. കെഎസ്‌യുവും വർഗീയ കോമരങ്ങളും ആയുധം കൊണ്ട് ഇല്ലാതാക്കാൻ നോക്കിയിട്ടും വളർന്നു വലുതായ മഹാവൃക്ഷമായി എസ്എഫ്ഐ. അതിന്റെ ചുവട്ടിൽ നിന്നും ഇതുപോലെ ഉറക്കെ കൂകിയാൽ കുലുങ്ങി നിലംപൊത്തി വീഴില്ല എസ്എഫ്ഐ.

അൻപതു വർഷങ്ങൾക്കിടയിൽ എസ്എഫ്ഐക്ക് നഷ്ടപ്പെട്ടത് ദേവപാലൻ മുതൽ അഭിമന്യു വരെ മുപ്പത്തി മൂന്ന് വിദ്യാർത്ഥികളുടെ ജീവനായിയുന്നു. കിടക്കകളിലും വീൽചെയറുകളിലും ജീവിക്കുന്ന രക്തസാക്ഷികളായവർ അതിലുമേറെ.

ആദ്യമായി ക്യാംപസിൽ ഒരുവിദ്യാർത്ഥി കൊല ചെയ്യപ്പെട്ടത് 1974 ൽ തലശ്ശേരി ബ്രണ്ണനിലെ എസ്എഫ്ഐ നേതാവ് അഷ്‌റഫ് ആയിരുന്നു. കൊന്നത് താങ്കളുടെ സ്വന്തം കെഎസ്‌യു. പിന്നെ എത്ര എത്ര വിദ്യാർഥികളുടെ ജീവനെടുത്തു സാർ നിങ്ങളുടെ കെഎസ്‌യു?

മൂന്നു വർഷങ്ങൾക്ക് ശേഷം 1977 ഡിസംബർ 7നു പന്തളം എൻഎസ്‌എസ്‌കോളേജ് വിദ്യാർത്ഥി ജി ഭുവനേശ്വരനെ നിങ്ങൾക്രൂരമായി ആക്രമിച്ചു. മാത്‍സ് ഡിപ്പാർട്മെന്റിൽ അഭയം തേടിയ ഭുവനേശ്വരനെ പിന്തുടർന്നെത്തിയും കെഎസ്‌യു ക്രിമിനൽ സംഘം ആക്രമം തുടർന്നു.


ജി ഭുവനേശ്വരന്റെ ജീവനെടുത്തു നിങ്ങൾ . 1979ൽ ഫെബ്രുവരി 24നു തൃപ്പൂണിത്തുറ ആയുർവേദ കോളേജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന പി കെ രാജനെ കുത്തി കൊന്നതും കെഎസ്‌യു ക്രിമിനലുകളായിരുന്നു. 1982 ഡിസംബർ 17ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സിവി ജോസ്. നിങ്ങളുടെ ഗുണ്ടകൾ കൊന്നതായിരുന്നില്ലേ?ചരിത്രത്തിലാദ്യമായി കാതലിക്കറ്റ് കോളേജിൽ എസ്എഫ്ഐ വിജയിച്ചു. ജനറൽ സെക്രട്ടറിയായി തെരഞെടുക്കപ്പെട്ട സി വി ജോസിനെ നിങ്ങൾ ക്രൂരമായി കൊലപ്പെടുത്തുകയായിയുന്നു.

ജോസിനെ കൊന്നതിനു ദൃക്‌സാക്ഷിയായത് മാത്രമായിരുന്നു എംഎസ് പ്രസാദ് ചെയ്ത തെറ്റ്. സാക്ഷി മൊഴി പറഞ്ഞതിന്റെ പേരിൽ പ്രസാദിനെ 1984ലെ തിരുവോണനാളിൽ നിങ്ങളുടെ ഗുണ്ടകൾ കൊന്നുതള്ളി. 1988 ജനുവരി 24നു കോട്ടയം.മണർകാട് സെന്റ് മേരീസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ സാബുവിനായിരുന്നു നിങ്ങളുടെ അടുത്ത മരണവാറണ്ട്.

സർവകലാശാല കലോത്സവ വേദിയിൽ വച്ചാണ് ഞങ്ങളുടെ കെ ആർ കൊച്ചനിയനെ 1992 ഫെബ്രുവരി 29 ന് നിങ്ങൾ കുത്തി കൊന്നത്. അതേവർഷം ജൂലൈ 15ന് കോഴിക്കോട് ജില്ലാ ജാഥയിൽ സംസാരിക്കുകയായിരുന്ന Sfi താമരശ്ശേരി ഏരിയാ ജോയിന്റ് സെക്രട്ടറി ജോബി ആൻഡ്രൂസിനെ എറിഞ്ഞു കൊന്നത് എംഎസ്എഫും കെഎസ്‌യു ഗുണ്ടകളും ചേർന്നായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് 2012 മാർച്ച് 18ന് ഇടുക്കിയിൽ എസ്എഫ്ഐ ജില്ലാ വൈസ്പ്രസിഡന്റ് ആയിരുന്ന അനീഷ്‌രാജനെ യൂത്ത്‌ കോൺഗ്രസ്സ് ഐഎൻടിയുസി ക്രിമിനലുകൾ കൊന്നത്.

സൈമൺ ബ്രിട്ടോ അടുത്തകാലം വരെ ഒരു വീൽ ചെയറിൽ താങ്കളുടെ മുന്നിലൂടെ കടന്നു പോയില്ലേ?ആ മഹാ പ്രതിഭയെ വീൽചെയറിൽ തളച്ചിട്ടത് നിങ്ങളുടെ ഗുണ്ടകളുടെ കത്തിമുനയായിരുന്നില്ലേ? ഈ വാർധക്യത്തിൽ,അങ്ങയുടെ ഇപ്പോഴത്തെ ഏകാന്ത ജീവിത നിമിഷങ്ങളിൽ എപ്പോഴെങ്കിലും ബ്രിട്ടോയെ,പിന്നെ നിങ്ങളുടെ കൂട്ടത്തിലെ ക്രിമിനലുകൾ കൊന്നു കുഴിച്ചുമൂടിയ എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളെ, അവരുടെ രക്ഷകർത്താക്കളെ, കുറിച്ചോർത്തു നോക്കിയിട്ടുണ്ടോ? നിങ്ങൾ തന്നെ കൊലപ്പെടുത്തിയ കെഎസ്‌യു നേതാവ് ബഷീർ ഉൾപ്പെടെയുള്ള പേരുകൾ അങ്ങേയ്ക്ക് അറിയാവുന്നതിനാൽ ഞാൻ ഇവിടെ പരാമർശിച്ചിട്ടില്ല.

താങ്കൾ എത്രമാത്രം അടിസ്ഥാന രഹിതമായ ആരോപണമാണ് ത്യാഗങ്ങളുടെ മാത്രം മഹാ ചരിത്രമുള്ള ഒരു വിദ്യാർത്ഥി സംഘടനയെ ചൂണ്ടി വിളിച്ചു പറഞ്ഞത്? എസ്എഫ്ഐ കൊലപ്പെടുത്തിയ ഒരു വിദ്യാർത്ഥിയുടെ പേര് അങ്ങേയ്ക്ക് പറയാനാകുമോ? Ksu കൊന്നു കുഴിച്ചുമൂടിയവരുടെ പേരുകൾ മാത്രമാണ് ഞാൻ മുകളിൽ പരാമർശിച്ചത്.

ഡൽഹിയിൽ അങ്ങ് സായാഹ്‌ന സവാരിക്കിറങ്ങാറുണ്ടോ? സൂക്ഷിക്കണം ആർഎസ്എസ് ക്രിമിനലുകൾ ഒരുപക്ഷേ തടഞ്ഞു നിർത്തി അങ്ങയെ ജയ്‌ശ്രീറാം L.

എന്നാൽ ഇവിടെ നമ്മുടെ നാട്ടിൽ നിർഭയമായി മനുഷ്യർ സഞ്ചരിക്കുന്നു. കലാലയങ്ങളിൽ, തെരുവുകളിൽ ആർഎസ്എസ് എന്ന മഹാ വ്യാധിക്ക് എതിരെ കാവൽ നിന്ന് പൊരുതിവീണവർ, ഞങ്ങൾ എസ്എഫ്‌ഐക്കാർ മാത്രമായിരുന്നു. വർഗീയതയ്‌ക്കെതിരെ ചെറുത്തു നിന്ന് മരിച്ചുവീണ ഒരു കെഎസ്‌യു പ്രവർത്തകന്റെ പേര് അങ്ങേയ്ക്ക് പറയാനാകുമോ? പകൽ കോൺഗ്രസ്സും രാത്രി ആർഎസ്എസുമാകുന്ന കോൺഗ്രസ്സിനെ കുറിച്ച് വെളിപ്പെടുത്തിയത് താങ്കൾ തന്നെയാണ്. എന്നാൽ ഈ കെഎസ്‌യു പട്ടാപ്പകൽ എബിവിപിയ്‌ക്ക് ഒപ്പം ചേർന്ന് മത്സരിച്ച എത്ര എത്ര സംഭവങ്ങളാണ് വിവിധ ക്യാംപസുകളിൽ ഉണ്ടായത്?

ആക്രമിച്ചു കൊന്നു തള്ളുമ്പോഴും ത്യാഗ നിർഭരതയുടെ മഹാ സമരങ്ങളായി, സർഗാത്മകതയുടെ ചാരുതയിൽ എസ്എഫ്ഐ ചരിത്രത്തിലുടനീളം തലയുയർത്തി നിൽക്കുന്നു. ചുവന്നു തുടുത്ത ഒരു ഗുൽമോഹർ വൃക്ഷമാണ് എസ്എഫ്ഐ. പ്രണയവും സർഗാത്മകതയും ഉറക്കെ മുഴങ്ങിയ മുദ്രാവാക്യങ്ങളും കാലത്തോടുള്ള കലഹവും. നിശബ്ദമാക്കാനാകാത്ത അൻപത് വർഷങ്ങൾ.

ഇനിയും നിശബ്‌ദമാകില്ല തന്നെ. അങ്ങ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ക്യാംപസ് രാഷ്ട്രീയം ആവശ്യമില്ലെന്ന് കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ മഹാനാണ്. എസ്എഫ്ഐ യെ ഇല്ലാതാക്കാൻ മാത്രമായിരുന്നു ആ നീക്കം.
കൊന്നു തള്ളിയിട്ടും, അധികാരമുപയോഗിച്ചു അടിച്ചമർത്തിയിട്ടും ഒരു പോറൽ പോലും ഏൽപ്പിക്കാനായില്ല വിദ്യാർത്ഥികളുടെ സ്വന്തം എസ്എഫ്ഐയെ. എന്നിട്ടും പക തീരാതെ ഇപ്പോൾ കളിത്തോക്കു കൊണ്ട് ഉന്നം പിടിയ്ക്കുന്നോ? താങ്കൾ അധികാരത്തിലിരുന്നപ്പോഴൊക്കെയും ഞങ്ങളുടെ രക്തം കുടിയ്ക്കാൻകയറൂരി വിട്ടിട്ടുണ്ട് കാക്കി പടയെ.

ആദ്യമായി വിദ്യാർഥികൾക്ക് നേരെ ഉഗ്രശേഷിയുള്ള ഗ്രനേഡുകൾ വലിച്ചെറിയുന്നത് താങ്കൾ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. ഇലട്രിക് ലാത്തി ആദ്യമായും അവസാനമായും പ്രയോഗിച്ചതും നിങ്ങളായിരുന്നു. ജലപീരങ്കി ആദ്യമായി ഉപയോഗിച്ചതും യൂണിവേഴ്സിറ്റി കോളേജിന്റെ മുന്നിലായിരുന്നു. നോക്കു... എന്നിട്ടെവിടെയെങ്കിലും എസ്എഫ്ഐ തകർന്നു പോയോ? പിന്നെയല്ലേ ഇപ്പോൾ കല്ലുവച്ച നുണകൊണ്ട് എറിഞ്ഞു വീഴ്ത്താൻ ശ്രമിക്കുന്നത്.

TAGS: A A RAHIM AGAINST, A K ANTONY, UNIVERSITY COLLEGE ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.