തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗവുമായി ബന്ധപ്പെട്ടുയർന്ന കോഴക്കേസിൽ പരാതിക്കാരനായ ഹരിദാസന്റെ കുറ്റസമ്മത മൊഴി പുറത്ത്. മന്ത്രി വീണാ ജോർജിന്റെ പി.എ അഖിൽ മാത്യുവിന് ഒരുലക്ഷം രപ നൽകിയിട്ടില്ലെന്ന് ഹരിദാസൻ പൊലീസിനോട് ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന വിവരമാണ് പുറത്തുവന്നത്.
ജോലി വാഗ്‌ദാനം ചെയ്ത് സെക്രട്ടേറിയറ്റിന് സമീപം വച്ച് ഒരുലക്ഷം രൂപ മന്ത്രിയുടെ പി.എയ്ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം പരാതി നൽകിയിരുന്നത് എന്നാൽ പണം നൽകിയിട്ടില്ലെന്നാണ് ഹരിദാസന്റെ ഇപ്പോഴത്തെ മൊഴി. ആരോപണങ്ങളെ കുറിച്ച് പരസ്പര വിരുദ്ധമായ മൊഴിയാണ് ഹരിദാസൻ നൽകുന്നതെന്ന് പൊലീസ് പറയുന്നു. കന്റോൺമെന്റ് പൊലീസ് ഹരിദാസനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഹരിദാസന്റെ രഹസ്യ മൊഴി എടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചാണ് ഹരിദാസനെ ചോദ്യം ചെയ്യുന്നത്. പണം കൈമാറ്റമോ ആൾമാറാട്ടമോ നടന്നിട്ടില്ലെന്നും കേസിൽ ഹരിദാസനെ പ്രതി ചേർത്തേക്കുമെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്തെത്തി സെക്രട്ടേറിയറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകിയെന്ന ഹരിദാസന്റെ ആരോപണത്തിൽ ഒട്ടേറെ പൊരുത്തക്കേടുകൾ നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു ഹരിദാസന്റെ സുഹൃത്ത് ബാസിതിനും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ബാസിതും എത്തിയിരുന്നില്ല.
ഹോമിയോ ഡോക്ടർ നിയമനത്തിനായി അഡ്വാൻസ് തുക നൽകിയിട്ടും നിയമനം നടക്കാത്തതിനാലാണ് ഏപ്രിൽ ഒമ്പതിന് തിരുവനന്തപുരത്ത് എത്തിയതെന്നാണ് ഹരിദാസൻ ആദ്യം നൽകിയ മൊഴി . അടുത്ത ദിവസം തന്നെ സെക്രട്ടേറിയറ്റിന് പുറത്തുവച്ച് ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ കണ്ട് ഒരു ലക്ഷം രൂപ നൽകിയെന്നും ഹരിദാസൻ പറഞ്ഞിരുന്നു. കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് ഒരു തവണയാണ് അഖില്‍ മാത്യുവിന്റെ ഫോട്ടോ ഹരിദാസനെ കാണിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് കണ്ടത് അഖില്‍ മാത്യുവാണോ എന്ന് ഉറപ്പില്ല. അയാളാണെന്ന വിശ്വാസത്തിലാണ് പണം നല്‍കിയതെന്നും ഹരിദാസന്‍ നേരത്തേ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |