കൊച്ചി : മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും അനധികൃത നിർമ്മാണങ്ങൾക്ക് സൗകര്യങ്ങൾ നൽകുന്നുവെന്നും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകാനുള്ള ഉൗർജ്ജ സെക്രട്ടറിയുടെ ഉത്തരവിനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർക്കാരിനെ വിമർശിച്ചത്.സർക്കാർ ഭൂമി പൊതു ആവശ്യങ്ങൾക്കായി പതിച്ചു നൽകുന്നതിനു പകരം ഇത്തരത്തിൽ സഹായിക്കുന്നത് പൊതുജനങ്ങളോടുള്ള വഞ്ചനയാണ്. കൈയേറ്റവും അനധികൃത നിർമ്മാണങ്ങളും നടക്കുന്നുവെന്ന് പരാതി പറയുന്ന സർക്കാർ തന്നെ ഇവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നത് തട്ടിപ്പാണ്. - ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. അനധികൃത കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകാനുള്ള . ഉത്തരവ് പിൻവലിക്കുന്നോ, ഉറച്ചു നിൽക്കുന്നോയെന്ന് വ്യക്തമാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
മൂന്നാറിലെ കണ്ണൻദേവൻ , ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, പള്ളിവാസൽ, വെള്ളത്തൂവൽ, ആനവിരട്ടി, ആനവിലാസം വില്ലേജുകളിലെ കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകാനാണ് മേയ് ആറിലെ ഉത്തരവിൽ പറയുന്നത്. റവന്യു , തദ്ദേശ സ്ഥാപനങ്ങളുടെ എൻ.ഒ.സിയില്ലാതെ മൂന്നാറിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന 2010 ജനുവരി 21 ലെ ഉത്തരവിന്റെ ലംഘനമാണിതെന്നാരോപിച്ച് മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ.യു. ജോണാണ് ഹർജി നൽകിയത്.
കെട്ടിടങ്ങൾ അനധികൃതമാണെന്ന് റവന്യു അധികൃതർ കണ്ടെത്തിയാൽ വിച്ഛേദിക്കുമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി കണക്ഷൻ നൽകുന്നതെന്നും ,ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയ കോടതി വിധി മറ്റൊരു വിധിയിലൂടെ ഹൈക്കോടതി തന്നെ അസാധുവാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഉൗർജ്ജ സെക്രട്ടറി ബി. അശോക് നൽകിയ സത്യവാങ്മൂലവും ഹൈക്കോടതി പരിഗണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |