അഭിനയ യാത്രയിൽ ഇതാദ്യമായി സംഭാഷണമില്ലാത്ത നായിക വേഷത്തിൽ മഞ്ജു വാര്യർ. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് സിനിമയിൽ മഞ്ജു വാര്യർ ഒരക്ഷരം പോലും മിണ്ടില്ല. നോട്ടത്തിലൂടെയും ഭാവത്തിലൂടെയും മഞ്ജുവിന്റെ കഥാപാത്രം പ്രതികരിക്കും.
മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രത്തെ ഫൂട്ടേജിൽ കാണാൻ കഴിയും. പുതിയ കാലത്ത് സംഭാഷണമില്ലാതെ നായിക കഥാപാത്രം മഞ്ജു വാര്യരിലൂടെ വെള്ളിത്തിരയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ഫൂട്ടേജ്. വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജ് റിലീസിന് ഒരുങ്ങുന്നു. ഒ.ടി.ടി റിലീസാണ് ആലോചിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ലളിതം സുന്ദരത്തിനുശേഷം ഒ.ടി.ടി പ്ളാറ്റ് ഫോമിൽ നേരിട്ട് സ്ട്രീം ചെയ്യുന്ന മഞ്ജു വാര്യർ ചിത്രം കൂടിയാണ് ഫൂട്ടേജ്.സൈജു ശ്രീധരനും ശബ്ന മുഹമ്മദും ചേർന്നാണ് രചന. സൈജു ശ്രീധരൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റർ.
ഇനി രജനിയുടെ നായിക, ബച്ചൻ
സാന്നിദ്ധ്യം
തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഭാര്യ വേഷത്തിൽ മഞ്ജു വാര്യർ എത്തുന്നു. ഇതാദ്യമായാണ് രജനികാന്ത് ചിത്രത്തിൽ മഞ്ജു വാര്യർ. ദേശീയ അംഗീകാരം നേടിയ ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശക്തമായ വേഷമാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ ആദ്യമായി തമിഴ് ചിത്രത്തിന്റെ ഭാഗമാവുന്നു എന്ന പ്രത്യേകതയുണ്ട്. രജനിയും ബച്ചനും മഞ്ജുവും ഒരുമിച്ച് സ്ക്രീനിൽ വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.എന്നാൽ പരസ്യ ചിത്രത്തിൽ ബച്ചനും മഞ്ജുവും ഒരുമിച്ചിട്ടുമുണ്ട്.ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി,ദുഷാര വിജയൻ, റിതിക സിംഗ് ഉൾപ്പെടെ നീണ്ട താരനിര അണിനിരക്കുന്നു.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ 2 എന്ന ചിത്രത്തിലൂടെ വിജയ് സേതുപതിയുടെ നായികയാവുകയാണ് മഞ്ജു വാര്യർ. ധനുഷിന്റെ നായികയായി വെട്രിമാരൻ ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്രം.
വിജയ് സേതുപതിയുടെ 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ തൃഷ അവതരിപ്പിച്ച വേഷത്തിൽ മഞ്ജുവിനെ പരിഗണിച്ചിരുന്നതാണ്.
എന്നാൽ എത്തിച്ചേരാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞില്ല. ആദ്യമായാണ് വിജയ് സേതുപതിയുടെ നായികയായി മഞ്ജു വാര്യർ എത്തുന്നത്.
ആര്യ, ഗൗതം കാർത്തിക് എന്നിവർ നായകൻമാരാവുന്ന മിസ്റ്റർ എക്സ് എന്ന ചിത്രത്തിൽ മഞ്ജു ആണ് നായിക . മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു. വിദേശ രാജ്യങ്ങളിലും ചിത്രീകരണമുണ്ട്.മിസ്റ്റർ എക്സ് മഞ്ജുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ്. അജിത്തിന്റെ നായികയായി കൺമണി എന്ന നായിക വേഷത്തിൽ പ്രേക്ഷകരെ മഞ്ജു അത്ഭുതപ്പെടുത്തിയിരുന്നു.മഞ്ജു വാര്യരിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാപാത്രം.
പ്രിയദർശിനി രാംദാസ്
കൂടുതൽ ശക്ത
ലൂസിഫറിലെ മഞ്ജു വാര്യർ കഥാപാത്രം പ്രിയദർശിനി രാംദാസ് എമ്പുരാനിൽ കൂടുതൽ ശക്തയാണ്. മോഹൻലാലിനൊപ്പം മഞ്ജു വാര്യരുടെ ശക്തമായ പകർന്നാട്ടം തന്നെ ഉണ്ടാവും.എമ്പുരാനിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമായി പ്രിയദർശിനി രാംദാസ് വളർന്നിട്ടുണ്ട്.
മലയാളത്തിൽ മഞ്ജു ഇനി അഭിനയിക്കുന്ന ചിത്രമാണ് എമ്പുരാൻ. ടൊവിനോ തോമസ്, ഇന്ദ്രജിത്, സാനിയ അയ്യപ്പൻ തുടങ്ങിയവരുമുണ്ട്. എമ്പുരാനുശേഷം ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രമാണ് മഞ്ജുവിനെ കാത്തിരിക്കുന്നത്. ആദ്യമായാണ് ലിജോ ചിത്രത്തിന്റെ ഭാഗമാവുന്നത് .കുഞ്ചാക്കോ ബോബൻ ആണ് നായകൻ.
ഹൗ ഒാൾഡ് ആർ യു സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം നിരുപമ രാജീവ് എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു മഞ്ജു വാര്യരുടെ ശക്തമായ രണ്ടാം വരവ്. ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന അമേരിക്കി പണ്ഡിറ്റിന്റെ രണ്ടാം ഷെഡ്യൂൾ വൈകാതെ ആരംഭിക്കും.
കൽപേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധവൻ ആണ് നായകൻ. അമേരിക്കി പണ്ഡിറ്റിന്റെ റിലീസ് അടുത്ത വർഷം ഉണ്ടാവും. അതു കഴിഞ്ഞ് അടുത്ത ബോളിവുഡ് ചിത്രം എന്ന തീരുമാനത്തിലാണ് മഞ്ജു വാര്യർ. തെലുങ്ക്, കന്നട ചിത്രങ്ങളിലേക്കും മഞ്ജു വൈകാതെ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |