
നിങ്ങൾ സ്വർഗ രാജ്യത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ കുഞ്ഞുങ്ങളെപ്പോലെ ആവുക എന്ന് യേശുക്രിസ്തു പറഞ്ഞു. കുട്ടികളുടേത് നിഷ്കളങ്കമായ കളിയും ചിരിയും നിറഞ്ഞ ലോകമാണ്. ആ ലോകത്തിൽ മുൻവിധികളില്ല, പണവും പദവിയും സൃഷ്ടിക്കുന്ന വേലിക്കെട്ടുകളില്ല, ഭാവിയെക്കുറിച്ച് ആശങ്കകളില്ല, ഓരോ നിമിഷവും അവർ വർത്തമാനകാലത്തിൽ ജീവിക്കുന്നു. പൂവിനോടും പൂമ്പാറ്റയോടും സംസാരിക്കുകയും സർവ ചരാചരങ്ങളോടും സ്നേഹവും സൗഹൃദവും പുലർത്തുകയും ചെയ്യുന്നു. നമ്മളോരോരുത്തരിലും ആ കുഞ്ഞുഹൃദയം ഉറങ്ങിക്കിടക്കുന്നുണ്ട്. അതിനെ വീണ്ടെടുക്കണം.
കുഞ്ഞുമനസ് എന്നു പറയുമ്പോൾ കുട്ടിത്തമല്ല ഉദ്ദേശിക്കുന്നത്. കുട്ടിത്തമെന്നാൽ വിവേകമില്ലാത്ത, ബാലിശമായ പെരുമാറ്റമാണ്. തുടക്കക്കാരന്റെ ഭാവം, ജിജ്ഞാസ, ഉത്സാഹം, വിശ്വാസം, ക്ഷമിക്കാനും മറക്കാനുമുള്ള കഴിവ്... അതൊക്കെയാണ് കുഞ്ഞുഹൃദയം. എത്ര പ്രായം ചെന്നാലും എല്ലാവരുടെയും ഉള്ളിൽ ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞുഹൃദയത്തെ ഉണർത്തിയാൽ എന്തും പഠിക്കാനും ഉൾക്കൊള്ളാനും വളരാനും കഴിയും. ജീവിതം എന്നും പുതുമ നിറഞ്ഞതാകും!
നോബൽ സമ്മാനം കിട്ടിയ ഒരു ശാസ്ത്രജ്ഞനാണെങ്കിലും, പുല്ലാങ്കുഴൽ വായന പഠിക്കണമെങ്കിൽ അതറിയാവുന്ന ഒരാളിന് ശിഷ്യപ്പെടണം. ഒരുപക്ഷേ പഠിപ്പിക്കുന്നയാളിന് വലിയ വിദ്യാഭ്യാസം ഉണ്ടാകണമെന്നില്ല. അങ്ങനെയുള്ള ഒരാളുടെ മുന്നിൽ താൻ ശാസ്ത്രജ്ഞനാണെന്ന ഭാവമെല്ലാം വിട്ട് ശ്രദ്ധയോടും വിനയത്തോടും ക്ഷമയോടും കൂടി ഇരുന്നാൽ മാത്രമേ പുല്ലാങ്കുഴൽ പഠിക്കുവാൻ കഴിയൂ. വിനയവും സ്വീകരണ മനോഭാവവും വരുമ്പോഴേ അറിവു നേടുവാൻ കഴിയൂ. ഏതു വിദ്യയും പഠിക്കുവാൻ സാധിക്കൂ.
ഈ കുഞ്ഞുഹൃദയം നമുക്ക് തീർത്തും നഷ്ടമായിപ്പോയി എന്നു പറഞ്ഞുകൂടാ. ഒരു കൊച്ചുകുഞ്ഞുമായി കളിക്കുമ്പോൾ നമ്മളും കുഞ്ഞിനെപ്പോലെ ആകാറില്ലേ? ഒരു ഉരുള ഉരുട്ടി കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കുമ്പോൾ കുഞ്ഞിനെപ്പോലെ നമ്മളും വായ തുറന്നു കാട്ടാറില്ലേ? കുട്ടികളുടെ കൂടെ കളിക്കുമ്പോൾ നമ്മൾ എല്ലാം മറന്ന് അവരെപ്പോലെയാകുന്നു. അവരെപ്പോലെ സന്തോഷിക്കുന്നു. കുഞ്ഞുങ്ങളുടെ നിഷ്കളങ്ക ഹൃദയവുമായി താദാത്മ്യം പ്രാപിക്കുന്നതുകൊണ്ടാണ് ഇത്.
എന്നാൽ, ഇന്നു നമ്മളിൽ ഹൃദയമല്ല, ബുദ്ധിയാണ് മുന്നിട്ടുനിൽക്കുന്നത്. നമ്മൾ ഹൃദയത്തെ പുല്കണം. പഞ്ചസാരയും മണലും ചേർന്നു കിടന്നാൽ ഉറുമ്പു വന്ന് പഞ്ചസാര നുണയും, ആ മാധുര്യം ആസ്വദിക്കും. ബുദ്ധിജീവിയായ മനുഷ്യന് അതിനു കഴിയില്ല. ബുദ്ധി എല്ലാത്തിനെയും ചികഞ്ഞുനോക്കും. എന്നാൽ എല്ലാത്തിനെയും ഉൾക്കൊള്ളണമെങ്കിൽ, മാധുര്യം നുകരണമെങ്കിൽ ഹൃദയം വേണം.
ഒരു കുഞ്ഞ് എല്ലാം മറന്ന് കളിക്കുന്നു, രസിക്കുന്നു. ദേഷ്യവും സങ്കടവുമൊക്കെ വന്നാലും അതൊക്കെ അപ്പപ്പോൾ മറക്കുന്നു. മനസിൽ ഭാരമില്ല. കൊച്ചുകൊച്ചു കാര്യങ്ങളിൽ സന്തോഷിക്കുന്നു. ഇതെല്ലാം കാരണം, തളരാത്ത ഉത്സാഹവുമുണ്ട്. എല്ലാറ്റിനെക്കുറിച്ചും അറിയാനുള്ള കൗതുകമുണ്ട്. കുഞ്ഞുഹൃദയത്തിന്റെ നന്മകളാണ് ഇതെല്ലാം. മനുഷ്യരോടും പക്ഷികളോടും മൃഗങ്ങളോടും പൂക്കളോടും പൂമ്പാറ്റയോടുമെല്ലാം വൈകാരിക ബന്ധം തോന്നുന്ന ഒരു ഹൃദയം കുഞ്ഞുങ്ങൾക്ക് സ്വന്തമാണ്.
ഏറ്റവും ചെറിയ പ്രാണിയുടെ ദു:ഖം കാണുമ്പോൾപ്പോലും കുഞ്ഞുങ്ങൾ സങ്കടപ്പെടാറുണ്ട്. കുഞ്ഞായിരിക്കുമ്പോൾ ഈ ഭാവം നമുക്കുമുണ്ടായിരുന്നു. നമ്മൾ വളർന്നു വലുതായതോടെ അതു നഷ്ടമായി. പകരം സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും പ്രതിരൂപം മാത്രമായി നമ്മൾ! നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ശൈശവ നൈർമ്മല്യം ഒളിഞ്ഞിരിപ്പുണ്ട്. അതിനെ ഉണർത്താം, ഉദ്ധരിക്കാം. അങ്ങനെ ജീവിതം തടസമില്ലാതെ സ്വച്ഛമായി ഒഴുകുന്ന നദി പോലെയാകട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |