
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇന്ത്യൻ ഓഹരി വിപണിക്ക് കനത്ത തിരിച്ചടി സൃഷ്‌ടിക്കുന്നു. തുടർച്ചയായ മൂന്നാം ദിവസവും വിപണിയിൽ വിൽപ്പന സമ്മർദ്ദം ശക്തമായി. മൂന്ന് ദിവസത്തിനിടെ സെൻസെക്സ് 1,100 പോയിന്റാണ് ഇടിഞ്ഞത്. നിഫ്‌റ്റിയും ഒരു ശതമാനം ഇടിവ് നേരിട്ടു. ഇന്നലെ സെൻസെക്‌സ് 102 പോയിന്റ് നഷ്‌ടത്തോടെ 84,961.14ൽ അവസാനിച്ചു. നിഫ്റ്റി 38 പോയിന്റ് കുറഞ്ഞ് 26,140.75ൽ എത്തി. എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി തുടങ്ങിയ മുൻനിര കമ്പനികളുടെ ഓഹരികളിൽ വിൽപ്പന സമ്മർദ്ദം രൂക്ഷമായി. ആഗോള വിപണികളും നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ജി.ഡി.പി മൂല്യം നാല് ലക്ഷം കോടി ഡോളറിലേക്ക്
അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി മൂല്യം ചരിത്രത്തിലാദ്യമായി നാല് ലക്ഷം കോടി ഡോളർ കവിയുമെന്ന് വിലയിരുത്തുന്നു. നടപ്പുവർഷം മാർച്ചിൽ ജി.ഡി.പി മൂല്യം 3.9 ലക്ഷം കോടി ഡോളറിലെത്താനാണ് സാദ്ധ്യത. ആഭ്യന്തര ഉപഭോഗത്തിന്റെയും വ്യവസായ മേഖലയിലെ നിക്ഷേപത്തിന്റെയും കരുത്തിൽ മൂന്ന് വർഷത്തിനുള്ളിൽ ജർമ്മനിയെ മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് പ്രവചനം.
സ്വർണ വില ഇടിയുന്നു
വെനസ്വേലയിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുതിച്ചുയർന്ന സ്വർണ വില താഴേക്ക് നീങ്ങുന്നു. ഇന്നലെ രാജ്യാന്തര വിപണിയിൽ വില ഔൺസിന് 50 ഡോളർ കുറഞ്ഞ് 4,450 ഡോളറിലെത്തി. കേരളത്തിൽ രാവിലെ വില ഉയർന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മൂക്കുകുത്തി. സംസ്ഥാനത്തെ പവൻ വില വൈകിട്ട് 880 രൂപ കുറഞ്ഞ് 1,01,400 രൂപയായി. ഗ്രാമിന്റെ വില 110 രൂപ കുറഞ്ഞ് 12,675 രൂപയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |